നാഗ്പൂര്‍: (www.kvartha.com) ദുഷ്ട ശക്തികളെ തുരത്താനെന്ന പേരില്‍ ദുര്‍മന്ത്രവാദം നടത്തി അഞ്ച് വയസുള്ള മകളെ അടിച്ചുകൊന്നെന്ന കേസില്‍ രക്ഷിതാക്കള്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവ് സിദ്ധാര്‍ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബന്‍സോദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്‍ഡ്യന്‍ പീനല്‍ കോഡിലെയും മഹാരാഷ്ട്രയിലെ നരബലി തടയല്‍ നിയമപ്രകാരവും മറ്റ് മനുഷ്യത്വരഹിത, ദുഷ്ട, അഘോരി ആചാരങ്ങള്‍, ബ്ലാക് മാജിക് ആക്ട് എന്നിവയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാഗ്പൂരില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. യൂട്യൂബില്‍ പ്രാദേശിക വാര്‍ത്താ ചാനല്‍ നടത്തുന്ന സുഭാഷ് നഗര്‍ നിവാസിയായ ചിമ്നെ, കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ തന്റെ ഭാര്യയോടും 5 ഉം 16 ഉം വയസുള്ള രണ്ട് പെണ്‍മക്കളോടൊപ്പം തകല്‍ഘട്ടിലെ ഒരു ദര്‍ഗയില്‍ പോയിരുന്നു.
അന്നുമുതല്‍, തന്റെ ഇളയ മകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ അവളെ ചില ദുഷ്ടശക്തികള്‍ പിടികൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചു. അതിന് പ്രതിവിധിയായാണ് 'ബ്ലാക് മാജിക്' ചെയ്യാന്‍ തീരുമാനിച്ചത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുവും രാത്രിയില്‍ ചടങ്ങുകള്‍ നടത്തുകയും ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ പിന്നീട് അവരുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കരയുന്ന പെണ്‍കുട്ടിയോട് പ്രതികള്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് വീഡിയോയില്‍ ഉണ്ട്. എന്നാല്‍ കുട്ടിക്ക് ഉത്തരം പറയാന്‍ കഴിയുമായിരുന്നില്ല. അടിയേറ്റ അവള്‍ അത്രയ്ക്കും അവശയായിരുന്നു.
ചടങ്ങിനിടെ, മൂന്ന് പ്രതികളും കുട്ടിയെ തല്ലുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് അവള്‍ ബോധരഹിതയായി നിലത്തു വീണു. ശനിയാഴ്ച പുലര്‍ച്ചെ പ്രതികള്‍ കുട്ടിയെ ദര്‍ഗയിലേക്ക് കൊണ്ടുപോയി. പിന്നീട് ഗവണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി അടിയേറ്റ കുട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു.
ഇതിനിടെ, ആശുപത്രിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന് സംശയം തോന്നി അവരുടെ കാറിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പെണ്‍കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഫോടോയില്‍ പതിഞ്ഞ വാഹനത്തിന്റെ രെജിസ്ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. റാണാ പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീട്ടിലെത്തി അവരെ പിടികൂടുകയായിരുന്നു.