Arrested | തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതി കേരളത്തില്‍ പിടിയില്‍; അറസ്റ്റിലായത് കാമുകിക്കൊപ്പം കൂലിവേല ചെയ്ത് താമസിച്ചുവരുന്നതിനിടെ
Aug 14, 2022, 10:04 IST
കാക്കനാട്: (www.kvartha.com) പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതി ബംഗാള്‍ സ്വദേശി രതീന്ദ്രദാസ് (27) തൃക്കാക്കരയില്‍ പിടിയില്‍. കൊല്‍കത പര്‍ഗാന നോര്‍ത് ജില്ലയിലെ സന്ദേശ്ഖാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ 26ന് നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായത്.
കൊലപാതകം നടത്തിയ ശേഷം രതീന്ദ്രദാസ് കേരളത്തിലേക്കു കടക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ഇവിടെ കാമുകിക്കൊപ്പം കൂലിവേല ചെയ്ത് താമസിച്ചുവരികയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
രതീന്ദ്രദാസിന്റെ പുതിയ ഫോണ്‍ നമ്പര്‍ കണ്ടെത്തിയ ബംഗാള്‍ പൊലീസ്, സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒരു മാസമായി ഇയാള്‍ കേരളത്തിലുണ്ടെന്നു അറിയുന്നത്. സന്ദേശ്ഖാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് റായിയുടെ നേതൃത്വത്തിലാണ് ബംഗാള്‍ പൊലീസ് ഇവിടെയെത്തിയത്.
രതീന്ദ്രദാസ് കാക്കനാട് കുന്നിപ്പാടത്തിനു സമീപം താമസിക്കുന്നതായി സൈബര്‍ വിഭാഗം കണ്ടെത്തി. കൂലിവേലയ്ക്കു പോകുന്ന ഇയാളുടെ വരവും പോക്കും നിരീക്ഷിച്ച പൊലീസ് തൃക്കാക്കര മുനിസിപല്‍ ഗ്രൗണ്ടിനു സമീപം റോഡില്‍ കാത്തുനിന്നാണ് പിടികൂടിയത്. കാമുകിക്കൊപ്പമായിരുന്നു രതീന്ദ്രദാസിന്റെ താമസം.
സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്നു സഹോദരി ഭര്‍ത്താവും സംഘവും ചേര്‍ന്നു രതീന്ദ്രദാസിന്റെ പിതാവിനെ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ സഹോദരി ഭര്‍ത്താവ് ഉള്‍പെടെ അഞ്ചു പ്രതികള്‍ അവിടെ ജയിലിലായി. തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ്ഖാലി മേഖല പ്രസിഡന്റ് കൂടിയായ പ്രതികളിലൊരാള്‍ ജാമ്യത്തില്‍ ഇറങ്ങിയതോടെ അയാളെ അക്രമികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് രതീന്ദ്രദാസിന് എതിരെയുള്ള കേസ്.
Keywords: Murder case West Bengal Native Arrested In Kerala, Kochi, News, Police, Arrested, Murder case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.