മുംബൈ: (www.kvartha.com) നവജാതശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. ജൂലിയ ഫെര്‍ണാന്‍ഡസ് (35), ശബാന ശെയ്ഖ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മനുഷ്യക്കടത്ത്, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
സിയോണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാരനാണ് വിവരം ആദ്യം ലഭിച്ചത്. തുടര്‍ന്ന് സ്ത്രീ-ശിശുക്ഷേമ അധികൃതര്‍ക്ക് വിവരം കൈമാറുകയായിരുന്നു. ഇക്കാര്യം മുംബൈ പൊലീസിനെ അറിയിക്കുകയും എസ്എസ് ബ്രാഞ്ച് പ്രതികള്‍ക്കായി കെണിയൊരുക്കുകയും ചെയ്തു. തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേനെ സമീപിച്ചാണ് പൊലീസ് ഇവരെ കുടുക്കിയത്.
കുട്ടിയെ നല്‍കാന്‍ 4.5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അതില്‍ നാല് ലക്ഷം ശിശുവിന്റെ ബയോളജികല്‍ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും ബാക്കി തങ്ങളുടെ കമീഷനാണെന്നും മൊഴി നല്‍കി. കച്ചവടം ഉറപ്പിച്ചതോടെ ഗാന്ധി മാര്‍കറ്റ് ഏരിയയിലെ ഒരു നഴ്‌സിംഗ് ഹോമിന് സമീപം എത്താന്‍ ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
മുന്‍പും സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് ഫെര്‍ണാന്‍ഡസിനെ മാന്‍ഖുര്‍ദ്, വഡാല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.