കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ അശ്രദ്ധമായി വാഹനമോടിച്ച് നിയമ ലംഘനം നടത്തിയ യുവാവ് അറസ്റ്റില്‍. തെറ്റായ ദിശയില്‍ വാഹനം ഓടിച്ചതിന് യുവാവിനെ ട്രാഫിക് പൊലീസണ് അറസ്റ്റ് ചെയ്തത്. പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അശ്രദ്ധമായും സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തിലും വാഹനം ഓടിച്ചതിനാണ് പൊലീസിന്റെ നടപടി. നിയമ ലംഘനം നടത്തി അപകടകരമായ രീതില്‍ വാഹനം ഓടിച്ചതിന് പുറമെ തന്റെ പ്രവര്‍ത്തികള്‍ മുഴുവന്‍ യുവാവ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായി കുവൈതി മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപോര്‍ട് ചെയ്തു.
അതേസമയം കുവൈത് ട്രാഫിക് കോഓര്‍ഡിനേഷന്‍ ആന്‍ഡ് ഫോളോ അപ് ഡിപാര്‍ട്‌മെന്റ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാഹന പരിശോധന നടത്തി, 48 മണിക്കൂറിനകം 190 നിയമ ലംഘനങ്ങള്‍ ഈ വിഭാഗങ്ങളില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ഡെലിവറി ബൈകുകളെയും മൊബൈല്‍ ടാക്‌സികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റുകളും ഡ്രൈവിങ് ലൈസന്‍സുകളും ഉണ്ടോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.