ബന്ദിപോറ: (www.kvartha.com) ജമ്മു കശ്മീരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി ഭീകരരുടെ വെടിയേറ്റ് മരിച്ചതായി പൊലീസ്. ബിഹാര്‍ മധേപുര സ്വദേശിയും മുഹമ്മദ് ജലീലിന്റെ മകനുമായ മുഹമ്മദ് അംറേസ് ആണ് കൊല്ലപ്പെട്ടത്. ബന്ദിപോറയിലെ സോദ്‌നാര സബലിലാണ് സംഭവം.
രാത്രിയില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ അംറേസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കശ്മീര്‍ സോണ്‍ പൊലീസ് ആണ് ആക്രമണ വിവരം പുറത്തുവിട്ടത്.
വ്യാഴാഴ്ച ജമ്മു-കശ്മീരിലെ രജൗരി ജില്ലയില്‍ സൈനിക ക്യാംപിന് നേരെ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ നാല് സൈനികര്‍ മരിച്ചതായി സുരക്ഷാ സേന അറിയിച്ചിരുന്നു. നാലു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടെ ആക്രമണത്തിനെത്തിയ രണ്ടു ഭീകരരെയും സൈന്യം വധിച്ചു. വ്യാഴാഴ്ച പുലര്‍ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
ഗ്രനേഡ് എറിഞ്ഞ് പര്‍ഗലിലെ സൈനിക ക്യാംപിലേക്ക് കടക്കാനായിരുന്നു ഭീകരര്‍ ശ്രമിച്ചതെന്നും എന്നാല്‍, കാവല്‍നിന്ന സൈനികര്‍ തിരിച്ചടിച്ചതായും സൈന്യം അറിയിച്ചു. ഏറ്റുമുട്ടലിനിടെ ആറു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ നാലു പേരാണ് മരിച്ചത്. കൊല്ലപ്പെട്ട ഭീകരര്‍ നിരോധിത സംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗങ്ങളാണെന്ന് സംശയിക്കുന്നതായി ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.