കണ്ണൂര്‍: (www.kvartha.com) സ്‌കൂടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതികളോട് അവരുടെ രഹസ്യഭാഗങ്ങളെകുറിച്ചും ശരീരവടിവിനെ കുറിച്ചും അശ്ളീലം പറഞ്ഞെന്ന പരാതിയില്‍ ലോറി ഡ്രൈവറെ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടി. കോഴിക്കോട് സ്വദേശി സജീറിനെയാണ് തലശേരി എ എസ് പിയും സംഘവുമാണ് ലോറിയെ പിന്‍തുടര്‍ന്ന് പ്രതിയെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കണ്ണൂര്‍ നഗരത്തിലെ കൊയിലി ആശുപത്രിക്കടുത്തുവച്ച് നാറാത്ത് സ്വദേശികളായ യുവതികള്‍ സ്‌കൂടറില്‍ സഞ്ചരിക്കവേ ഇയാള്‍ അപമര്യാദയായി പെരുമാറിയത്. പുറകില്‍ നിന്നും നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ വന്ന സജീര്‍ ഹോണടിച്ചു ഇവരുടെ ശ്രദ്ധയാകര്‍ഷിക്കുകയും യുവതികളുടെ ശരീരത്തെ വര്‍ണിച്ചുകൊണ്ടു അശ്ളീലം പറയുകയുമായിരുന്നു.
യുവതിയോട് വേണമെങ്കില്‍ ലോറിയിലേക്ക് കയറിക്കോയെന്നും ഒന്നുകറങ്ങി രസിച്ചുവരാമെന്നും ഇയാള്‍ പറയുകയും ചെയ്തതായി പരാതിയുണ്ട്. യുവതികള്‍ ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും സജീര്‍ വിടാതെ പിന്‍തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതികള്‍ കാല്‍ടെക്സിലെത്തി ലോറിയുടെ ഫോടോ മൊബൈല്‍ ഫോണിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ലോറി നിര്‍ത്തിയിറങ്ങുകയും ഇവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷം യുവതികള്‍ കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പരാതിയ്ക്ക് പിന്നാലെ സി ഐ എസ് ലീലാമ്മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലോറിയെ പിന്‍തുടര്‍ന്നെങ്കിലും നഗരം വിട്ടുപോയിരുന്നു. ഇതിനുശേഷം വനിതാ പൊലീസ് എടക്കാട്, തലശേരി പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിക്കുകയും തലശേരി എ എസ് പി നിധിന്‍രാജിന്റെ നേതൃത്വത്തില്‍ തലശേരി നഗരത്തില്‍ നിന്നും സജീറിനെ പിടികൂടി ലോറി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സ്ത്രീകളോട് പൊതുയിടത്തില്‍ അപമര്യാദയായി പെരുമാറിയതിന് വനിതാപൊലീസ്, സജീറിന്റെ അറസ്റ്റു രേഖപ്പെടുത്തുകയും ലോറി വിട്ടുകൊടുക്കുകയും ചെയ്തു.