ആലപ്പുഴ: (www.kvartha.com) കായംകുളത്ത് തെരുവുനായ ആക്രമണത്തില്‍ വഴിയാത്രക്കാര്‍ക്ക് പരുക്ക്. ഹോം ഗാര്‍ഡ് ഉള്‍പെടെ 9 പേര്‍ക്കാണ് പരുക്കേറ്റത്. കായംകുളം പൊലീസ് സ്റ്റേഷന് സമീപമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
കായംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ഹോം ഗാര്‍ഡ് രഘുവിന് തുടയില്‍ നായയുടെ കടിയേറ്റത്. ഇദ്ദേഹത്തെ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അതേസമയം, പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് തെരുവുനായ ശല്യവും ആക്രമണവും രൂക്ഷമെന്ന് പരാതി. തെരുവ് നായകളുടെ കടിയേറ്റ് നാല് പശുക്കളും, മൂന്ന് ആടുകളും ചത്തു. അഞ്ചുമൂര്‍ത്തി മംഗലത്തെ തെക്കേത്തറ, രക്കന്‍കുളം, വലിയകുളം, ഒറകുന്നങ്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരു മാസത്തോളമായി തെരുവുനായ ആക്രമണം രൂക്ഷമായിട്ടുള്ളത്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തെരുവുനായ്ക്കളുടെ ആക്രമണം കൂടുമ്പോഴും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.