Follow KVARTHA on Google news Follow Us!
ad

Kathakali Mahotsavam | കഥകളി മഹോത്സവം: യാനം 2022ന് ഞായറാഴ്ച മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ തുടക്കമാകും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Press meet,Religion,Temple,Kerala,
കണ്ണൂര്‍: (www.kvartha.com) യാനം കള്‍ചറല്‍ ചാരിറ്റബിള്‍ ട്രസ്റ്റും മൃദംഗ ശൈലേശ്വരി ക്ഷേത്ര ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന യാനം 2022, കഥകളി ഫെസ്റ്റിവെലിന് ഞായറാഴ്ച മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലോകചരിത്രത്തില്‍ ആദ്യമായി കേരളക്കരയിലെ ഒട്ടുമിക്ക കഥകളി കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഞായറാഴ്ച മുതല്‍ സെപ്റ്റംബര്‍ 16 വരെയാണ് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ വെച്ച് മുപ്പത്തിനാല് ദിവസങ്ങളിലായി കഥകളി മഹോത്സവം നടക്കുന്നത്. യാനം 2022ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു.

Kathakali Mahotsavam: Yanam 2022 to begin at Mridanga Shaileshwari Temple on Sunday, Kannur, News, Press meet, Religion, Temple, Kerala

കേരളത്തിലെ ഒട്ടുമിക്ക കഥകളി കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കഥകളി മഹോത്സവത്തില്‍ സംസ്ഥാനത്തുടനീളമുള്ള ആയിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കും. കോട്ടയം തമ്പുരാന്‍ മുതല്‍ പുതിയ കാലത്തെ ആട്ടക്കഥാകൃത്തുക്കളടക്കമുള്ളവര്‍ രചിച്ച മഹാഭാരത ഭാഗവത കഥകളെ അടിസ്ഥാനമാക്കിയുള്ള അമ്പതോളം ആട്ടക്കഥകള്‍ കാലാടിസ്ഥാനത്തില്‍ വേദിയില്‍ അരങ്ങേറും. ഞായറാഴ്ച രാവിലെ 10മണിക്ക് നടക്കുന്ന ചടങ്ങില്‍ ദേവസ്വം-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ കഥകളി മഹോത്സവം ഉദ്ഘാടനം ചെയ്യും.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു മുഖ്യാഥിതിയാകും. പേരാവൂര്‍ നിയോജകമണ്ഡലം എംഎല്‍എ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. രാജ്യസഭാ എംപി ഡോ.വി ശിവദാസന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി, പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കഥകളിയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ യാനം 2022 ശ്രീ പോര്‍ക്കലി പുരസ്‌കാരം നല്‍കി പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയാശാനേയും കോട്ടയത്തു തമ്പുരാന്‍ സ്മൃതി മൃദംഗ ശൈലേശ്വരീ പുരസ്‌കാരം നല്‍കി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരെയും ആദരിക്കും.

16 മുതല്‍ എല്ലാ ദിവസവും രാവിലെ ചാക്യാര്‍ക്കൂത്ത്, ഓട്ടന്‍തുളളല്‍, നങ്ങ്യാര്‍ കൂത്ത് എന്നീ ഇതര ക്ഷേത്ര കലാരൂപങ്ങളും യാനത്തിന്റെ വേദിയില്‍ അരങ്ങേറും. സെപ്തംബര്‍ 16 ന് നടക്കുന്ന സാംസ്‌ക്കാരിക സമാപന യോഗം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാവും. ചലച്ചിത്രതാരം സുരേഷ് ഗോപി, കവി പ്രഭാവര്‍മ, സതീഷ് നമ്പൂതിരിപ്പാട്, സുനില്‍ പി ഇളയിടം, ഡോ. ടി എസ് മാധവന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും. യുവകലാകാരന്മാര്‍ക്കുള്ള സുവര്‍ണമുദ്രാ സമര്‍പണം അന്നേ ദിവസം നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ യാനം സംഘാടക സമിതി കണ്‍വീനര്‍ രേണുക രവിവര്‍മ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കലാമണ്ഡലം മനോജ്, ക്ഷേത്രം എക്സിക്യൂടിവ് ഓഫിസര്‍ എം മനോഹരന്‍, മൃദംഗ ശൈലേശ്വരി ദേവസ്വം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്‍ പങ്കജാക്ഷന്‍, കെ മനോജ്, കോട്ടക്കല്‍ പ്രദീപ്, രാജന്‍ കാരിമൂല എന്നിവര്‍ പങ്കെടുത്തു.

Keywords: Kathakali Mahotsavam: Yanam 2022 to begin at Mridanga Shaileshwari Temple on Sunday, Kannur, News, Press meet, Religion, Temple, Kerala.

Post a Comment