ബെംഗ്‌ളൂറു: (www.kvartha.com) സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ കര്‍ണാടക സര്‍കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി നല്‍കിയ ഹര്‍ ഘര്‍ തിരംഗ പത്ര പരസ്യത്തില്‍ നിന്നാണ് ജവഹര്‍ലാല്‍ നെഹ്റുവിനെയും ടിപു സുല്‍ത്വാനെയും ഒഴിവാക്കിയത്. വീര സര്‍വറക്കുടെ ചിത്രം എല്ലാ പരസ്യങ്ങളിലും ഉള്‍പെടുത്തിയിട്ടുമുണ്ട്.
കര്‍ണാടക സര്‍കാരിന്റെ പത്രപരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബി എസ് ബൊമ്മൈ സര്‍കാരിന്റെ തീരുമാനത്തിനെതിരെ കോന്‍ഗ്രസ് രംഗത്തെത്തി. നെഹ്റുവിന്റെ വലിയ ആരാധകനായിരുന്ന തന്റെ പിതാവ് എസ് ആര്‍ ബൊമ്മൈയെ ബി എസ് ബൊമ്മൈ അപമാനിച്ചുവെന്ന് ജയറാം രമേശ് പറഞ്ഞു. നെഹ്റുവിനെ പരാമര്‍ശിക്കാത്ത കര്‍ണാടക സര്‍കാര്‍ പരസ്യത്തില്‍ നിന്നെല്ലാം നെഹ്റു അതിജീവിക്കുമെന്ന് ജയറാം രമേശ് പറഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി കൂടുതല്‍ കോന്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കര്‍ണാടക മുഖ്യമന്ത്രിയെ 'പാവ മുഖ്യമന്ത്രി' എന്നാണ് കോന്‍ഗ്രസ് നേതാവ് ബി എം സന്ദീപ് വിശേഷിപ്പിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നെഹ്റു, ഇന്‍ഡ്യയിലെ ഒരു കേന്ദ്ര വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.