കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ നഗരമധ്യത്തില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥി ഉള്‍പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രണ്ട് ഇരുചക്രവാഹനങ്ങളും പോത്ത് ഇടിച്ചിട്ടു. ബുധനാഴ്ച വൈകിട്ട് 4.30 ഓടെ കുട്ടിക്കുന്ന് പറമ്പിന് പിറകില്‍ മാര്‍കറ്റ് ഭാഗത്ത് നിന്ന് വന്ന പോത്താണ് നഗരത്തില്‍ ഭീതി പരത്തിയത്.
പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് സ്‌കൂളില്‍ നിന്ന് വരികയായിരുന്ന സീതി സാഹിബ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഏഴോം സ്വദേശി സിദ്ധാര്‍ഥിനെയാണ് പോത്ത് ആദ്യം ആക്രമിച്ച് കുത്തി വീഴ്ത്തിയത്. തുടര്‍ന്ന് താഴെ ന്യൂസ് കോര്‍നര്‍ ജംക്ഷന് സമീപം തളിപ്പറമ്പ് ടൗന്‍ വനിതാ സഹകരണ സംഘം ജീവനക്കാരി പുളിമ്പറമ്പ് സി വത്സല(55), ബസ് സ്റ്റാന്‍ഡിന് സമീപം നില്‍ക്കുകയായിരുന്ന പെരുവളത്ത് പറമ്പ് വാട്ടര്‍ അതോറിറ്റി ജീവനക്കാരി കോട്ടൂര്‍ എന്‍ രജനി(44) എന്നിവരെയും പോത്ത് ആക്രമിച്ചു. പരുക്കേറ്റവര്‍ ചികിത്സയിലാണ്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വത്സലയെ പോത്ത് കൊമ്പില്‍ തോണ്ടിയെറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വ്യാപാരികളുടെയും ഓടോ ഡ്രൈവര്‍മാരുടെയും നേതൃത്വത്തില്‍ ഇവരെ ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു. വത്സലയെയും സിദ്ധാര്‍ഥിനെയും പിന്നീട് പരിയാരം ഗവ മെഡികല്‍ കോളജ് ആശുപത്രിയിലും രജിനിയെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവരെ ആക്രമിച്ച ശേഷം പോത്ത് ദേശീയപാത വഴി കുപ്പം ഭാഗത്തേക്ക് ഓടി. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും അഗ്‌നിരക്ഷാ സേനയും ഇതിനെ പിന്തുടര്‍ന്ന് ഏമ്പേറ്റില്‍ വച്ച് പിടിച്ചുകെട്ടി.