മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ദവ് താകറെയെ വീഴ്ത്തി ബി ജെ പി സഖ്യവുമായി ചേര്‍ന്ന് അധികാരത്തിലെത്തിയ ശിവസേന വിമതന്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഇപ്പോള്‍ പേരിന് മാത്രമാണോ താന്‍ മുഖ്യമന്ത്രിയായത് എന്ന സംശയം ഉടലെടുത്തിരിക്കാം. കാരണം സത്യപ്രതിജ്ഞ ചെയ്ത് ഏഴ് ആഴ്ച കഴിഞ്ഞിട്ടും ഇതുവരെ വകുപ്പുകളില്‍ തീരുമാനം ഉണ്ടാക്കാന്‍ ഷിന്‍ഡെയ്ക്കു കഴിഞ്ഞിട്ടില്ല.
മന്ത്രിമാരുടെ വകുപ്പുകള്‍ ഏതെല്ലാമെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നപ്പോഴാണ് ഷിന്‍ഡെയെ ഒതുക്കി ബിജെപി കളം പിടിച്ചെന്ന സൂചന ശക്തമായത്. ആഭ്യന്തരം, ധനം ഉള്‍പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കയ്യില്‍ ഭദ്രമാണ്. നിലവില്‍ നഗരവികസന വകുപ്പും പിഡബ്ല്യുഡിയും ഷിന്‍ഡെയുടെ കീഴിലാണ്.
പൊതുഭരണം, ഐടി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ഗതാഗതം, മാര്‍കറ്റിങ്, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് സ്‌പെഷല്‍ അസിസ്റ്റന്‍സ്, റിലീഫ് ആന്‍ഡ് റീഹാബിലിറ്റേഷന്‍, ദുരന്തനിവാരണം, മണ്ണ് ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ന്യൂനപക്ഷ വഖഫ് കാര്യം തുടങ്ങി മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കാത്ത വകുപ്പുകളാണ് ഷിന്‍ഡെയ്ക്കുള്ളത്. അടുത്തഘട്ട മന്ത്രിസഭാ വികസനം വരുമ്പോള്‍ ഇതില്‍ പലതും നഷ്ടപ്പെടും.
അതേസമയം, ധനത്തിനൊപ്പം പ്ലാനിങ് വകുപ്പും നിയമം, ജലവിഭവം, ഭവനനിര്‍മാണം, ഊര്‍ജ വകുപ്പുകളും ഫഡ്‌നാവിസ് കൈകാര്യം ചെയ്യും. ബിജെപി മന്ത്രിയായ വിഖെ പാടീലാകും പുതിയ റവന്യൂ മന്ത്രി. വനംമന്ത്രി സുധീന്‍ മുംങ്ഗാതിവര്‍. മുന്‍ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാര്‍ലമെന്ററി കാര്യത്തിന്റെയും ചുമതല. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഷിന്‍ഡെ കാംപിലെ ദീപക് കേസര്‍കറിനു ലഭിച്ചു. കൃഷി അബ്ദുല്‍ സതാറിനാണ്.
സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസങ്ങള്‍ക്കുശേഷമാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ ഷിന്‍ഡെയ്ക്കു കഴിഞ്ഞത്. ബിജെപി, ഷിന്‍ഡെ കാംപുകളില്‍നിന്ന് ഒമ്പതു പേരെ വീതം കൂട്ടി 18 പേരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇവരുടേത് ഉള്‍പെടെയുള്ള വകുപ്പുകള്‍ ഇപ്പോഴാണ് പുറത്തുവന്നത്.
രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് അന്ന് ഷിന്‍ഡെ പറഞ്ഞത്. ആകെയുള്ള 287 എംഎല്‍എമാരില്‍ 106 പേരാണ് ബിജെപിക്ക്. 55 ശിവസേന എംഎല്‍എമാരില്‍ 40 പേര്‍ ഷിന്‍ഡെയ്ക്ക് ഒപ്പവുമുണ്ട്. മന്ത്രിസഭയിലോ മറ്റു പ്രധാനപ്പെട്ട സമിതികളിലോ പദവികള്‍ നല്‍കിയില്ലെങ്കില്‍ ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ചിലര്‍ മറുകണ്ടം ചാടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
Keywords: In Eknath Shinde Cabinet, Deputy Devendra Fadnavis Gets Home, Finance, Mumbai, News, Shiv Sena, Chief Minister, BJP, National, Politics.