പത്തനംതിട്ട: (www.kvartha.com) ആംബുലന്‍സില്‍ രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചെന്ന ആരോപണത്തില്‍ റിപോര്‍ട് തേടി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തിരുവല്ല താലൂക് ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത പടിഞ്ഞാറെ വെണ്‍പാല സ്വദേശി രാജന്റെ മരണത്തില്‍ പത്തനംതിട്ട ജില്ലാ മെഡികല്‍ ഓഫിസറോടാണ് മന്ത്രി റിപോര്‍ട് തേടിയത്.
മരിച്ച രാജന്റെ ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ല പുളിക്കീഴ് പൊലീസ് രാജന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്തതായും കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പുളിക്കീഴ് പൊലീസ് അറിയിച്ചു.
അതിനിടെ ആംബുലന്‍സിലെ ഓക്‌സിജന്‍ സൈലന്‍ഡറില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നു എന്ന് മരിച്ച ആളുടെ സഹോദരന്റെ മകള്‍ പിങ്കി പറയുന്നു. ഓക്‌സിജന്‍ ഇല്ലെന്നറിയിച്ചിട്ടും ആംബുലന്‍സ് ഡ്രൈവര്‍ മിണ്ടിയില്ലെന്ന് മാത്രമല്ല ശ്വാസം കിട്ടാതെ രോഗിയുടെ നില വഷളായതോടെ വഴിയിലുള്ള ഏതെങ്കിലും ആശുപത്രിയില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ആംബുലന്‍സ് നിര്‍ത്താന്‍ ഡ്രൈവര്‍ തയാറായില്ലെന്നും പിങ്കി ആരോപിച്ചു.
തിരുവല്ല താലൂക് ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട് മൂന്ന് കിലോ മീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ രോഗിക്ക് ശ്വാസ തടസം ഉണ്ടായിരുന്നു. രോഗി തന്നെ ഇക്കാര്യം പറഞ്ഞു. ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ രോഗി മരിച്ചുവെന്നും വെന്റിലേറ്ററില്‍ പോലും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ആലപ്പുഴയിലെ ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും പിങ്കി പറയുന്നു.
എന്നാല്‍ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ തിരുവല്ല വെണ്‍പാല സ്വദേശി രാജനെ എത്തിച്ചപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നു എന്നാണ് ആലപ്പുഴ മെഡികല്‍ കോളജ് സൂപ്രണ്ട് പറയുന്നത്. രാത്രി 1.10 ന് രാജനെ ആശുപത്രിയില്‍ എത്തിച്ചു. 1.40 നാണ് രാജന്‍ മരിക്കുന്നത്. അതായത് ആശുപത്രിയിലെത്തിച്ചശേഷം 30 മിനിറ്റിനു ശേഷമാണ് മരണം സംഭവിക്കുന്നത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി എന്നും വണ്ടാനം മെഡികല്‍ കോളജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു
ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തിരുവല്ല താലൂക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെല്‍സന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആംബുലന്‍സില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ബിജോയിയും പ്രതികരിച്ചിരുന്നു.
Keywords: Health Minister seeks report on Complaint that patient died without getting oxygen, Pathanamthitta, News, Ambulance, Patient, Dead, Allegation, Police, Kerala.