വിശാഖപട്ടണം: (www.kvartha.com) ആന്ധ്രാപ്രദേശിലെ അച്യുതപുരത്ത് വസ്ത്രനിര്‍മാണ ശാലയില്‍ വാതക ചോര്‍ച. ഛര്‍ദിയും മറ്റു ശാരീരിക അസ്വസ്ഥതകളും മൂലം വനിതാ ജീവനക്കാര്‍ ബോധരഹിതയായി വീണുവെന്നാണ് പ്രാഥമിക റിപോര്‍ട്. 87 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളപായം ഒന്നും തന്നെ റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീകളുടെ ആരോഗ്യ നില തൃപ്തി കരമാണെന്ന് പൊലീസ് അറിയിച്ചു.
സംഭവ സ്ഥലത്ത് ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരെത്തി നിരീക്ഷണം നടത്തിയ ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു. ഇത് സെകന്‍ഡരാബാദിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് കെമികല്‍ ടെക്‌നോളജിയിലേക്ക് പരിശോധനയ്ക്കായി അയക്കും. നിര്‍മാണ ശാലയിലേക്ക് ആളുകള്‍ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
1000 കണക്കിന് സ്ത്രീകളാണ് വസ്ത്ര നിര്‍മാണ ശാലയില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ കൂടുതല്‍ പേരും വസ്ത്ര നിര്‍മാണ യൂനിറ്റുകളിലാണ് ജോലി ചെയ്യുന്നത്. സംഭവസമയം ഗ്യാസിന്റെ ദുര്‍ഗന്ധം വന്നിട്ടില്ലെന്നന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.