എന്നാല്‍ പുതുതലമുറ കൈത്തറിയെ ഇഷ്ടപ്പെടുന്നവരാണെങ്കിലും ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍വരെ കൈത്തറി വസ്ത്രം വാങ്ങാനായി കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ആഘോഷങ്ങളില്‍ മാത്രമല്ല എല്ലാകാലത്തും കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാനും സര്‍കാര്‍ പറയാതെ തന്നെ അതണിയാനും എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എന്നാല്‍ ഇവിടെ കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാന്‍ ആഘോഷങ്ങള്‍വരെ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.
പൊലീസ് മൈതാനിയിലും കലക്ടറേറ്റ് മൈതാനിയിലും വല്ലപ്പോഴും നടക്കുന്ന മേളകളില്‍ മാത്രമാണ് കൈത്തറി വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് കിട്ടുന്നത്. ഉല്‍പാദക സംഘങ്ങളിലെത്തി ഉല്‍പന്നങ്ങള്‍ കണ്ടുതെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നുവരില്ല. വിവിധ നെയ്ത്തു സംഘങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കണ്ടു തെരഞ്ഞെടുക്കാനുള്ള ഏകവഴി മേളകള്‍ മാത്രമാണ്.
കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് ലോക് ഡൗണായതിനാല്‍ മേളകള്‍ നടന്നതുമില്ല. എന്നാല്‍ മേളകളില്ലാത്തത് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല നെയ്ത്തുസംഘങ്ങള്‍ക്കാണ് കൂടുതല്‍ തിരിച്ചടിയായത്.
പല സംഘങ്ങളുടെയും അസ്ഥിവാരമിളകി. തൊഴിലാളികള്‍ക്ക് വേതനം കൊടുക്കാനില്ലാതെ നട്ടംതിരിഞ്ഞു.
തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറക്കേണ്ടിയും വന്നു. ഓണം, വിഷു, ക്രിസ്തുമസ് മേളകളില്‍ നിന്നായി ജില്ലയിലെ കൈത്തറി സൊസൈറ്റികള്‍ക്ക് പത്തുകോടിയോളം വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ കോവിഡ് പിടിമുറുക്കിയതുമുതല്‍ ഇല്ലാതായി. കൈത്തറി സൊസൈറ്റികള്‍ക്ക് സ്ഥിരം വിപണന കേന്ദ്രമുണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര ഗുരുതരമാവുകയില്ലായിരുന്നു.
ഉത്തരമലബാറിലെ കൈത്തറി സംഘങ്ങളുടെയെല്ലാം ഉല്‍പന്നങ്ങള്‍ ഒരുമിച്ച് അണിനിരത്താനും തെരഞ്ഞെടുത്തുവാങ്ങാനും സാധിക്കുന്ന തരത്തില്‍ കൈത്തറി വിപണകേന്ദ്രം തുടങ്ങണമെന്ന ആവശ്യം ഏറെ നാളായി സഹകരണസംഘങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കണ്ണൂര്‍വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍ വിനോദസഞ്ചാരത്തിനും ഇതു തുണയായി മാറും.
ഓണ്‍ ലൈന്‍ കൂടാതെ ഓഫ് ലൈനിലും ഇങ്ങനെ വിപണനകേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ മറ്റു അനുബന്ധ വ്യവസായങ്ങളും പച്ചപ്പിടിക്കും. പ്രാദേശിക തുണിത്തരങ്ങളുടെ വില്‍പന വര്‍ധിച്ചെങ്കില്‍ മാത്രമെ സൊസൈറ്റികള്‍ക്ക് നിലനില്‍പ്പുണ്ടാവുകയുള്ളൂ. ഓണം, വിഷു വില്‍പന നടക്കാതെയായതോടെ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത സൊസൈറ്റികളുടെ ഏകപ്രതീക്ഷ ഓണക്കാല കച്ചവടമായിരുന്നു. കാഞ്ഞിരോട്, ഇരിണാവ്, മൊറാഴ, കല്യാശേരി, ചിറയ്ക്കല്‍ സൊസൈറ്റികളാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഇവയുള്‍പെടെ ജില്ലയില്‍ 36 സൊസൈറ്റികളുണ്ട്. മൊത്തത്തില്‍ വിറ്റുവരവുണ്ടെങ്കിലും സ്‌കൂള്‍ യൂനിഫോം വില്‍പനയാണ് ഇവയെ പലതിനും ആശ്രയിക്കുന്നത്.
കോവിഡ് പ്രതിസന്ധി അയഞ്ഞ ഈ ഓണക്കാലം കൈത്തറി സംഘങ്ങളെ സംബന്ധിച്ചു പ്രതീക്ഷയുടെ കാലം തുടങ്ങി. തമിഴ്നാടിന് കാഞ്ചിരവം പോലെയാണ് കൈത്തറിയുടെ കാര്യത്തില്‍ കേരളത്തിന് കണ്ണൂര്‍. നിറങ്ങള്‍ മങ്ങാന്‍ തുടങ്ങുകയും തറികളുടെ താളം തെറ്റാന്‍ തുടങ്ങിയിടത്തും നിന്നുമുള്ള ഉയര്‍ത്തെഴുന്നേല്‍പും ഇഴയടുപ്പുമാണ് കണ്ണൂരെന്ന കാഞ്ചീരവം ഈ സീസണില്‍ തേടുന്നത്.
Keywords: Faced with breakdown in Covid setback: Kannur's handloom in search of new life, Kannur, News, Onam, COVID-19, Business, Airport, Festival, Kerala, Lifestyle & Fashion.