ന്യൂയോര്‍ക്: (www.kvartha.com) ജോലിക്ക് പോകാതെ മടിപിടിച്ച് ഉറങ്ങിത്തീര്‍ക്കാന്‍ കൊതിക്കുന്ന കുഴിമടിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത. കൗതുകമുണര്‍ത്തുന്ന ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് അമേരികയിലെ പ്രമുഖ കിടക്ക നിര്‍മാതാക്കളായ കാസ്പര്‍ കംപനി.
ഉറങ്ങാനൊരു അവസരത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഈയവസരം നന്നായി ഉപയോഗിക്കാം. കാരണം എത്ര വേണമെങ്കിലും കിടന്നുറങ്ങാം, അതിനു ശമ്പളവും കിട്ടും! 'കാസ്പര്‍ സ്ലീപേഴ്സ്' എന്നു പേരിട്ടിരിക്കുന്ന ഈ ജോലിക്കു വേണ്ടത് തന്നെ ഏറ്റവും നന്നായി ഉറങ്ങാന്‍ കഴിയണമെന്നത് തന്നെയാണ്. മണിക്കൂറിന് 25 യുഎസ് ഡോളറാണ്(ഏകദേശം 2,000 രൂപ) ശമ്പളമായി ലഭിക്കുക.
കാസ്പറിന്റെ സ്റ്റോറുകളില്‍ ഇഷ്ടംപോലെ കിടന്നുറങ്ങുകയും വല്ലപ്പോഴും ഉറക്കമില്ലാത്ത സമയത്ത് കാസ്പര്‍ കിടക്കകളിലെ ഉറക്കത്തിന്റെ അനുഭവം പങ്കുവച്ച് ടിക്ടോക് മാതൃകയിലുള്ള വീഡിയോ ചെയ്യാനും കംപനി നിര്‍ദേശിക്കുന്നുണ്ട്. ഈ വീഡിയോ കാസ്പറിന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ പങ്കുവയ്ക്കും.
കംപനി പുറത്തുവിട്ടിരിക്കുന്ന ജോലിവിവരണവും അതിനു വേണ്ട യോഗ്യതകളും ഇങ്ങനെയാണ്: 1. നന്നായി ഉറങ്ങാനുള്ള ശേഷി. 2. എത്ര വേണമെങ്കിലും ഉറങ്ങാനുള്ള ആഗ്രഹം. 3. കാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത. 4. ഏതു ഘട്ടത്തിലും ഉറങ്ങാനുള്ള ശേഷി. 5. ഉറക്കത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ പങ്കുവയ്ക്കാനുള്ള താല്‍പര്യം. 6. 18 വയസ് പൂര്‍ത്തിയായവര്‍ ആയിരിക്കണം. ന്യൂയോര്‍കിലുള്ളവര്‍ക്കാണ് മുന്‍ഗണനയെങ്കിലും അല്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്ന് കംപനി പറയുന്നുണ്ട്.
ഈ ജോലിക്കായി ഔദ്യോഗിക വസ്ത്രധീരണരീതിയും കംപനിക്ക് ഉണ്ട്. ഉറങ്ങാന്‍ കംപനിയുടെ പ്രത്യേക പൈജാമ ലഭിക്കും. ശമ്പളത്തിന് പുറമെ കാസ്പറിന്റെ മറ്റു ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭിക്കും. പാര്‍ട്ടൈം ആയാകും ജോലിയുണ്ടാകുക. ഇതിന് ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വ്യാഴാഴ്ചയാണ് ജോലിക്കായി അപേക്ഷിക്കേണ്ട അവസാന തിയതി. കാസ്പറിന്റെ വെബ്സൈറ്റ്: https://boards.greenhouse.io/casper/jobs/4440302?gh_jid=4440302.