Woman Suicide | '8 വര്‍ഷമായി ക്രൂരമായ ഗാര്‍ഹിക പീഡനം നേരിടുന്നു: ഇനിയും സഹിക്കാന്‍ പറ്റില്ല; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച വീഡിയോ പുറത്തുവിട്ടശേഷം യുവതി യുഎസില്‍ ആത്മഹത്യ ചെയ്തു'

 


ന്യൂയോര്‍ക്: (www.kvartha.com) ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ഗാര്‍ഹിക പീഡന ആരോപണം ഉന്നയിച്ചുള്ള വീഡിയോ പുറത്തുവിട്ടശേഷം സിഖ് യുവതി യു എസില്‍ ആത്മഹത്യ ചെയ്തതായി പൊലീസ്. ന്യൂയോര്‍കിലെ റിച്മണ്ട് ആസ്ഥാനമായുള്ള വസതിയിലാണ് 30 കാരിയായ മന്‍ദീപ് കൗര്‍ ആത്മഹത്യ ചെയ്തത്.

Woman Suicide | '8 വര്‍ഷമായി ക്രൂരമായ ഗാര്‍ഹിക പീഡനം നേരിടുന്നു: ഇനിയും സഹിക്കാന്‍ പറ്റില്ല; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച വീഡിയോ പുറത്തുവിട്ടശേഷം യുവതി യുഎസില്‍ ആത്മഹത്യ ചെയ്തു'

ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിംഗ് സന്ധുവിന്റെ പീഡനം ഇനിയും സഹിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെന്നും മന്ദീപ് കൗര്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നു. തന്റെ മരണത്തിന് സന്ധുവിന്റെ മാതാപിതാക്കളും ഉത്തരവാദികളാണെന്നും വീഡിയോയില്‍ പറയുന്നു. മന്‍ദീപും ഭര്‍ത്താവും ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശികളാണ്. ദമ്പതികള്‍ക്ക് ആറും നാലും വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. സന്ധു ഒരു ട്രക് ഡ്രൈവറാണ്.

ഏകദേശം അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, മന്ദീപ് പറയുന്നത് :

'അജ് മെയിന്‍ മാരന്‍ ഡാ തീരുമാനം ലയിന്‍ ലഗിയാന്‍. (ഇന്ന് എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു). ഞാന്‍ വളരെ ദയനീയമായ അവസ്ഥയിലാണ്. മുന്നോട്ടുപോകാന്‍ പരമാവധി ശ്രമിച്ചു, പക്ഷേ ദിവസേനയുള്ള പീഡനം ഇപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. എട്ട് വര്‍ഷമായി എല്ലാം സഹിക്കുന്നു, ഒരു ദിവസം എല്ലാം ശരിയാകുമെന്ന പ്രതിക്ഷയില്‍ ഓരോ ദിവസവും മുന്നോട്ടുപോയി. ഇതിന്റെ ഫലമോ ദിവസമുള്ള പീഡനം.

തന്റെ രണ്ട് പെണ്‍മക്കളെ ഉപേക്ഷിക്കാന്‍ മനസുവരാത്തതുകൊണ്ടാണ് ഇത്രയും കാലം പിടിച്ചുനിന്നത്. എന്നാല്‍ ഇനിയതിന് കഴിയില്ല. അതുകൊണ്ടാണ് ഇത്തരം കഠിനമായ തീരുമാനം എടുത്തത്.

വര്‍ഷങ്ങളായി ഭര്‍ത്താവിന് നിരവധി വിവാഹേതര ബന്ധങ്ങളുണ്ടെന്നും മന്‍ദീപ് ആരോപിച്ചു. എനിക്ക് നേരിട്ട പീഡനം കണ്ടപ്പോള്‍ ഒരിക്കല്‍ അച്ഛന്‍ സന്ധുവിനെതിരെ കേസുകൊടുത്തു. എന്നാല്‍ അയാള്‍ കേണപേക്ഷിച്ചതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയും ജയില്‍ മോചിതനാകുകയും ചെയ്തു. ഒരിക്കല്‍ തന്നെ അഞ്ച് ദിവസം ഭര്‍ത്താവ് ബന്ദിയാക്കി മര്‍ദിച്ചു. അമ്മായിയമ്മ തന്റെ കുടുംബത്തെ അസഭ്യം പറയുകയും പീഡിപ്പിക്കാന്‍ സന്ധുവിനെ പ്രേരിപ്പിക്കുകയും ചെയ്തു.

സന്ധു യുവതിയെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ നിരവധി വീഡിയോകള്‍ - കൂടുതലും ദമ്പതികളുടെ വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ - സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. അത്തരത്തിലുള്ള ഒരു വീഡിയോയില്‍, അയാള്‍ യുവതിയെ ആക്രമിക്കുന്നതും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും ഇതുകണ്ട് പെണ്‍മക്കള്‍ കരയുന്നതും അമ്മയെ തല്ലരുതെന്ന് ആവശ്യപ്പെടുന്നതും കാണാം. മറ്റൊരു വീഡിയോയില്‍, ഭര്‍ത്താവ് യുവതിയെ അസഭ്യം പറയുകയും തനിക്ക് പെണ്‍മക്കളല്ല, മകനെയാണ് വേണ്ടതെന്ന് പറയുകയും ചെയ്യുന്നുണ്ട്.

ബിജ്നോറിലെ നജിബാബാദ് തഹസില്‍ തഹര്‍പൂരിലെ യുവതിയുടെ വീട്ടിലേക്ക് ചൊവ്വാഴ്ച മന്ദീപ് വിളിച്ച് സംസാരിച്ചുവെന്ന് ഇളയ സഹോദരി കുല്‍ദീപ് കൗര്‍ പറഞ്ഞു. വിളിച്ചപ്പോള്‍ അവളുടെ ഭര്‍ത്താവ് മര്‍ദിക്കുന്നതിനെ കുറിച്ചും അവളെ വഞ്ചിക്കുന്നതിനെ കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍ മന്‍ദീപ് ഇത്തരമൊരു തീവ്രമായ നടപടി സ്വീകരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അനുജത്തിയെ ഉദ്ധരിച്ച് ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.

ജില്ലയിലെ ബരിയ ഗ്രാമത്തില്‍ നിന്നുള്ള മന്‍ദീപും സന്ധുവും എട്ട് വര്‍ഷം മുമ്പാണ് വിവാഹിതരായതെന്ന് കുല്‍ദീപ് പറഞ്ഞു. യുഎസിലേക്ക് പോകുന്നതിന് മുമ്പ് സന്ധുവിനെ ന്യൂസിലാന്‍ഡില്‍ നിന്ന് നാടുകടത്തിയിരുന്നുവെന്നും കുല്‍ദീപ് പറഞ്ഞു. അവിടെ അദ്ദേഹം ട്രാന്‍സ്‌പോര്‍ട് ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് കുറച്ചുകാലം മിയാമിയില്‍ ജോലി ചെയ്തിരുന്നു.

മന്‍ദീപിന്റെ അച്ഛന്‍ ജസ്പാല്‍ സിംഗ് ഒരു കര്‍ഷകനാണ്. മന്‍ദീപ് മരിച്ചതോടെ പെണ്‍മക്കളുടെ സംരക്ഷണം ആവശ്യപ്പെടുമെന്ന് കുടുംബം അറിയിച്ചു. മൃതദേഹം ഇന്തന്‍ഡ്യയിലെത്തിക്കാന്‍ സഹായിക്കണമെന്ന് അവര്‍ സര്‍കാരിനോടും യുഎസിലെ സിഖ് സമൂഹത്തോടും അഭ്യര്‍ഥിച്ചു.

മൃതദേഹം സംസ്‌കരിക്കാന്‍ സന്ധു ആഗ്രഹിച്ചിരുന്നെങ്കിലും നമ്മുടെ സമുദായത്തിലെ ആളുകള്‍ അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 'മൃതദേഹം സൂക്ഷിച്ചിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇന്‍ഡ്യയില്‍ അവരുടെ മാതാപിതാക്കള്‍ക്ക് എത്തിച്ചു കൊടുക്കുമെന്നും അമേരികയില്‍ നിന്നുള്ള ഗുര്‍മീത് പറഞ്ഞു.

'ജസ്റ്റിസ് ഫോര്‍ മന്‍ദീപ്' എന്ന കാംപെയിന്‍ റിച്മണ്ടില്‍ ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ റിച്മണ്ടില്‍ പ്രതിഷേധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലും സമാനമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, യുഎസില്‍ ഗാര്‍ഹിക പീഡനം നേരിടുന്ന ഒരേയൊരു സിഖ് വനിത മന്‍ദീപ് മാത്രമല്ലെന്ന് നോര്‍ത് അമേരികന്‍ പഞ്ചാബി അസോസിയേഷന്റെ (NAPA) യുഎസ് ആസ്ഥാനമായുള്ള ഡയറക്ടര്‍ സത്‌നം സിംഗ് ചാഹലിനെ ഉദ്ധരിച്ച് ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു. പീഡനം അനുഭവിക്കുന്ന നിരവധി പേരുണ്ട്, പക്ഷേ അതില്‍ ഉള്‍പെട്ടിരിക്കുന്ന 'ബഹുമാനം' കാരണം എല്ലാവരും നിശബ്ദരാണ് എന്നും ചാഹല്‍ പറഞ്ഞു.

സിഖ് വിമന്‍സ് എയ്ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍, ഭര്‍ത്താക്കന്മാര്‍ കൊലപ്പെടുത്തിയ സിഖ് സ്ത്രീകളെക്കുറിച്ച് ഗാര്‍ഹിക കൊലപാതക അവലോകനം നടത്തിയതായി പറയുന്നു. 'ഞങ്ങളുടെ സമീപകാല സര്‍വേ കാണിക്കുന്നത്, പ്രതികരിച്ചവരില്‍ 70 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും 35 ശതമാനം പേര്‍ കുട്ടികളായിരിക്കെ ലൈംഗികാതിക്രമവും ചൂഷണവും അനുഭവിച്ചവരുമാണെന്നും പറയുന്നു. സിഖ് സമൂഹം പ്രതിസന്ധിയിലാണ്, ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകളുടെ മരണസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: Domestic violence: Sikh woman dies by suicide in US, in video blames abuse by husband for 8 years, New York, News, Suicide, Protesters, Allegation, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia