ഹൈദരാബാദ്: (www.kvartha.com) കുളിമുറിയിലിരുന്ന് കളിച്ചതിന് മൂന്നു വയസുകാരിയെ തവികൊണ്ട് പിതാവ് പൊതിരെ തല്ലിയതായി പരാതി. ക്രൂരമര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ മകളാണ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുളിമുറിയില്‍ കളിച്ചുകൊണ്ടിരുന്നതിന് അച്ഛന്‍ മകളെ തവി കൊണ്ട് പൊതിരെ തല്ലുകയായിരുന്നു. കുളിമുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടാണ് മര്‍ദിച്ചതെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.
കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ അമ്മയെ നിലത്തേക്ക് തള്ളിയിട്ടതായും തറയിലിട്ട് മര്‍ദിച്ചതായും പരാതിയിലുണ്ട്. പരിക്കേറ്റ കുട്ടിയെ അമ്മ തന്നെയാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ പ്രതിയായ അച്ഛനെതിരെ വധശ്രമവും ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തു.
2015-ലാണ് പരാതിക്കാരിയായ സ്ത്രീയും പ്രതിയും വിവാഹിതരായത്. മര്‍ദനമേറ്റ് ചികിത്സയിലുള്ള കുട്ടി ഉള്‍പെടെ ദമ്പതികള്‍ക്ക് നാല് പെണ്‍മക്കളാണുള്ളത്. പരാതിക്കാരിയായ സ്ത്രീ നിലവില്‍ എട്ടുമാസം ഗര്‍ഭിണിയുമാണ്.
അതേസമയം, ചികിത്സയിലുള്ള കുട്ടിയെ പിതാവ് നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധുവായ യുവതിയും പറഞ്ഞു. കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരമെന്നും പ്രതിക്ക് കടുത്തശിക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Keywords: Child Battles For Life After Being Assault Up By Man For Troubling Him, Hyderabad, News, Custody, Police, Complaint, Hospital, Treatment, Injured, National.