Follow KVARTHA on Google news Follow Us!
ad

CM | ഭരണഘടനാ സംരക്ഷണം നവോഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രധാന മുദ്രാവാക്യമാകണമെന്ന് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com) ഭരണഘടനാ സംരക്ഷണമെന്നത് നവോഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രധാന മുദ്രാവാക്യമായി മാറണമെന്നു മുഖ്യമന്ത്രി പിറണായി വിജയന്‍. ഭരണഘടനാ സംരക്ഷണത്തിനു വലിയ ജനകീയ കാംപെയിന്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നവോഥാന മൂല്യ സംരക്ഷണ സമിതിയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Chief Minister said constitutional protection should be the main slogan of the Navothana Values Protection Committee, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Kerala

സാമൂഹിക അസമത്വങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കുമെതിരെ വ്യക്തമായ നിലപാടുള്ളതാണു രാജ്യത്തിന്റെ ഭരണഘടനയെന്നു മുഖ്യമന്ത്രി പറഞ്ഞു. നവോഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് ഇത് ഏറ്റവും അനുഗുണമാണ്. അയിത്തം, തീണ്ടല്‍, തൊടീല്‍ തുടങ്ങിയവയെയെല്ലാം നിയമവിരുദ്ധമാക്കുകയും ഇക്കാര്യങ്ങള്‍ക്കു നിഷ്‌കര്‍ഷിക്കുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ക്കാവശ്യമായ സാഹചര്യമൊരുക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതു ഭരണഘടനയാണ്.

ഭരണഘടനയ്ക്കെതിരെ ഇന്ന് ആസൂത്രിത നീക്കങ്ങള്‍ രാജ്യത്തുണ്ടാകുന്നുണ്ട്. നാം പൊരുതി നേടിയ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കുമെതിരായാണ് അവ ആത്യന്തികമായി സംഭവിക്കുന്നതെന്നു കാണാതിരിക്കരുത്. അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണു ഭരണഘടനയ്‌ക്കെതിരായ നീക്കമെന്നു തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുമ്പോള്‍ തന്നെ നിലവിലുള്ള നിയമങ്ങള്‍ മനസിലാക്കുകയെന്നതും പ്രധാനമാണ്. നിയമ സാക്ഷരതാ യജ്ഞം ഇന്നത്തെ കാലം ആവശ്യപ്പെടുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം രാജ്യം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 13, 14, 15 തീയതികളില്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിയാവുന്നത്ര എല്ലാവരും ഇതില്‍ പങ്കാളികളാകണം.

മനുഷ്യനെ മനുഷ്യരായി തുല്യതയോടെ കാണുകയും ചെയ്യുന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണു നവോഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ജനകീയ വിഷയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുള്ളത്്. കേരളത്തില്‍ അധികാരത്തില്‍ വന്ന പുരോഗമന സര്‍കാരുകളെല്ലാം ഇത്തരം മാറ്റങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും അടിത്തറ പാകുംവിധം ഇടപെടുകയും ചെയ്തു.

ഇവയെ പിന്നോട്ടടിപ്പിക്കാനുള്ള ആസൂത്രിത നീക്കം വളര്‍ന്നുവന്നപ്പോഴാണ് ആ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനായി നവോഥാന മൂല്യ സംരക്ഷണ സമിതി രൂപംകൊണ്ടത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സമിതിക്കു നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സമൂഹത്തെ പിന്നോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇപ്പോഴും സജീവമാണ്.

അതിനുവേണ്ടി പല മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കുന്നു. ജാതീയമായും മതപരമായും വേര്‍തിരിവുകളുണ്ടാക്കുകയും ലിംഗതുല്യതയുടെ കാഴ്ചപ്പാടിനെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്. അതിനെല്ലാമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. വിട്ടുവീഴ്ചയില്ലാതെ ഇത്തരം ശക്തികളെ പ്രതിരോധിച്ചാല്‍ മാത്രമേ ശാന്തവും സമാധാനപരവുമായ സാമൂഹിക ജീവിതം ഉറപ്പുവരുത്താനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാം വര്‍ഗീയതയുടെ ഭാഗമാക്കി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഈ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടര്‍ വര്‍ഗീയമായ കണ്ണുകളോടെ പിന്തിരിപ്പനായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും അതു മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ സമൂഹത്തില്‍ നടത്തുകയും ചെയ്യുന്നു. ഇത് അപകടകരവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. ഇതിനെതിരായ വലിയ കാംപെയിന്‍ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാകണം.

നവോഥാന സംരക്ഷണ സമിതി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരത്തേ നടത്തിയിട്ടുണ്ട്. പക്ഷേ വിശ്രമിക്കാന്‍ സമയമായിട്ടില്ല. ഇനിയും നല്ല രീതിയില്‍ ഈ നീക്കങ്ങള്‍ക്കെതിരേ രംഗത്തുണ്ടാകണം. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം, കൊലപാതകം തുടങ്ങിയ സമൂഹത്തിനു ചേരാത്ത കാര്യങ്ങള്‍ പലേടത്തും സംഭവിക്കുകയാണ്. സ്ത്രീപുരുഷ സമത്വത്തിന്റെയും ലിംഗനീതിയുടേയും കാഴ്ചപ്പാടുകള്‍ സമൂഹം പൊതുവേ അംഗീകരിക്കണം.

കുട്ടികളില്‍ ഇത്തരം മനോഭാവം വളര്‍ത്തിയെടുക്കാന്‍ പാഠപുസ്തകങ്ങള്‍ നവീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. പ്രതിലോമ നിലപാടുകളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുക, ഏതു വിഷയത്തേയും ശാസ്ത്രീയതയുടേയും മാനവികതയുടേയും അടിസ്ഥാനത്തില്‍ സമീപിക്കാന്‍ കഴിയുന്ന സാഹചര്യം സമൂഹത്തില്‍ സൃഷ്ടിക്കുക എന്നിവയ്ക്ക് നല്ല ഇടപെടല്‍ നടത്തണം. അങ്ങനെ വന്നാലേ ആസൂത്രിതമായി വേര്‍തിരിവിനും ശിഥിലീകരണത്തിനും ശ്രമിക്കുന്ന ശക്തികള്‍ക്കു തടയിടാന്‍ കഴിയൂ. ശാന്തവും സമാധാനപരവുമായ സാമൂഹിക അന്തരീക്ഷം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട് എല്ലാ രീതിയിലും കൂടുതല്‍ അഭിവൃദ്ധിയിലേക്കു നീങ്ങുന്നതിനുള്ള നടപടികളാണു സര്‍കാര്‍ സ്വീകരിക്കുന്നത്. വരുന്ന 25 വര്‍ഷംകൊണ്ടു കേരളത്തെ ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലയിലേക്ക് ഉയര്‍ത്തണമെന്ന സങ്കല്‍പത്തോടെയാണു സര്‍കാര്‍ നീങ്ങുന്നത്. ഇതൊക്കെ സാധിക്കുന്നതാണോയെന്നു ചിന്തിക്കുന്നവര്‍ കാണും.

ചില കാര്യങ്ങള്‍ ആദ്യം കേള്‍ക്കുമ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമല്ലേയെന്നു തോന്നാറുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് കിഫ്ബി പുനഃസ്ഥാപിക്കുമ്പോള്‍, ഇതിന് എവിടുന്നു പണം കിട്ടാനാണെന്ന ചോദ്യമുണ്ടായിരുന്നു. 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം കേരളത്തില്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കിഫ്ബിയുടെ പ്രവര്‍ത്തനം.

അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 62,000 കോടി രൂപയുടെ പദ്ധതികള്‍ നമ്മുടെ നാട്ടില്‍ വിവിധ തലങ്ങളില്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. നടക്കാത്തതാണെന്നു തോന്നുമെങ്കിലും സാധ്യമായ കാര്യങ്ങളാണു സര്‍കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തിലെ മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്താന്‍ കഴിയും. ഇതിനുള്ള വിഭവശേഷി കേരളത്തിലുണ്ട്. കാര്‍ഷിക, വ്യാവസായിക രംഗങ്ങള്‍ ഇതിനു പറ്റിയ രീതിയില്‍ അഭിവൃദ്ധിപ്പെടണം. നൈപുണ്യ വികസനം നല്ലതുപോലെ ഉയര്‍ത്തണം. ചെറുപ്പക്കാര്‍ക്കെല്ലാം തൊഴില്‍ ലഭിക്കുന്ന അവസ്ഥയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമദരിദ്രരായ 60000ല്‍ പരം കുടുംബങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. ഇവരെ പരമ ദരിദ്രാവസ്ഥയില്‍ നിന്നു മോചിപ്പിക്കുകയെന്നതാണു അടുത്ത ലക്ഷ്യം. ഇതിനുള്ള നടപടികളിലേക്കു സര്‍കാര്‍ ഉടന്‍ കടക്കും. നാടിനെ വിജ്ഞാന സമ്പദ് ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള വലിയ ലക്ഷ്യത്തിലേക്കു സര്‍ക്കാര്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌കറ്റ് ഹോടെലില്‍ നടന്ന പൊതുയോഗത്തില്‍ സമിതി ചെയര്‍മാനും എസ് എന്‍ ഡി പി യോഗം ജെനറല്‍ സെക്രടറിയുമായി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, കെ ശാന്തകുമാരി എം എല്‍ എ, മുന്‍ എം പി കെ സോമപ്രസാദ്, പുന്നല ശ്രീകുമാര്‍, പി രാമഭദ്രന്‍, പി ആര്‍ ദേവസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

നവോഥാന സംരക്ഷണ സമിതിയുടെ മെമോറാണ്ടം ഓഫ് അസോസിയേഷന്‍ സംബന്ധിച്ച കരട് യോഗം ചര്‍ച ചെയ്തു. കരട് സംബന്ധിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിനും പരിശോധിക്കുന്നതിനും സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായും മുന്‍ എം പി കെ സോമപ്രസാദ് കണ്‍വീനറായും ആറംഗ സബ് കമിറ്റി രൂപീകരിച്ചു. ഈ മാസം 15 വരെ സബ് കമിറ്റിക്ക് നിര്‍ദേശങ്ങള്‍ സമര്‍പിക്കാം.

Keywords: Chief Minister said constitutional protection should be main slogan of renaissance Values Protection Committee, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Kerala.

Post a Comment