റായ്പൂര്‍: (www.kvartha.com) ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തില്‍ പ്രകോപിതരായ ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ ഗ്രാമത്തില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചു. ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിലെ ഗോത്രവര്‍ഗ ആധിപത്യമുള്ള റജിം ഗ്രാമത്തിലാണ് സംഭവം.
ഞങ്ങളുടെ കുടുംബാംഗങ്ങള്‍ അവരുടെ മതങ്ങളും ആചാരങ്ങളും ഉത്സവങ്ങളും അനുഷ്ഠിക്കാന്‍ തുടങ്ങി, ഒറ്റരാത്രികൊണ്ട് എല്ലാം മാറി. ഞങ്ങള്‍ അന്യരായി തോന്നുന്നു, ഗ്രാമത്തില്‍ തങ്ങള്‍ ഒറ്റപ്പെട്ടതായി തോന്നുന്നെന്ന് സര്‍പഞ്ച് ഗണേഷ് ദഹാരിയും വിഷ്ണു നിഷാദും പരാതിപ്പെട്ടു. പുറത്തുനിന്നുള്ളവര്‍ തങ്ങളുടെ ഗ്രാമങ്ങളും ജീവിതങ്ങളും ബന്ധങ്ങളും കയ്യടക്കുകയും സംസ്‌കാരം മലിനമാക്കുകയും ഗ്രാമത്തിന്റെ നിലവിലുള്ള സമാധാനവും ഐക്യവും തകര്‍ക്കുകയും ചെയ്യുന്നതായി ഗ്രാമവാസികള്‍ ആരോപിച്ചു.
തുടര്‍ന്ന് രോഷാകുലരായ ഗ്രാമവാസികള്‍ മതം മാറിയവരോട് പഴയ വിശ്വാസത്തിലേക്ക് മടങ്ങാനും പുറത്തുനിന്നുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കാനും ഗ്രാമത്തില്‍ മറ്റുള്ളവരുടെ പ്രവേശനം നിരോധിക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അന്ത്യശാസനം നല്‍കി.
ഈ നിര്‍ദേശം ഗ്രാമത്തിനുള്ളില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. കാങ്കര്‍ ജില്ലയില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ മതപ്രഭാഷകനായ സന്തോഷ് മര്‍കത്തോട് ഗ്രാമം വിട്ടുപോകാനും ആദിവാസി ഗ്രാമത്തിലേക്ക് പുറത്തുനിന്നുള്ളവരെ ക്ഷണിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, വര്‍ധിച്ച് വരുന്ന മതപരിവര്‍ത്തനത്തില്‍ പ്രകോപിതരായ ഗ്രാമവാസികള്‍ ഞായറാഴ്ച ഗാരിയബന്ദ് ജില്ലയിലെ റജിമിലെ കൗന്‍ഡേക്കര ഗ്രാമത്തിലെ ക്രിസ്ത്യാനികളുടെ പ്രാര്‍ഥനാസ്ഥലത്ത് ഒത്തുകൂടി. ഇതോടെ സംഘര്‍ഷം ഉണ്ടായേക്കാമെന്ന റിപോര്‍ട് ഉണ്ടായി. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ (എസ്ഡിഎം) മേല്‍നോട്ടത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഒരു സംഘം സ്ഥലത്തെത്തി, അവരുടെ സമയോചിതമായ ഇടപെടലും മതിയായ പൊലീസ് സേനയെ വിന്യസിച്ചതും സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കിയതായാണ് റിപോര്‍ട്.
ഗ്രാമവാസികള്‍ ഇപ്പോഴും മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നും ലേഖകന്‍ പറയുന്നു. ഞങ്ങളുടെ ഐക്യം ഛിന്നഭിന്നമാക്കിയ ഇത്തരം കാര്യങ്ങള്‍ ഇനിയും സഹിക്കാനാവില്ലെന്ന് ഗ്രാമവാസികള്‍ പരാതിപ്പെട്ടു.
കോന്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍കാരിന്റെ ഒത്താശയോടെ നിര്‍ബന്ധിത മതപരിവര്‍ത്തനം സംസ്ഥാനത്ത് വര്‍ധിച്ചതായി ബിജെപി നേതാവ് പ്രബല്‍ പ്രതാപ് സിംഗ് ജൂദേവ് ആരോപിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പ്രദേശത്ത് സാധാരണ നില പുനഃസ്ഥാപിക്കാന്‍ എല്ലാ നടപടികളും ആരംഭിക്കുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.