തൃശൂര്‍: (www.kvartha.com) ഏറെ കോളിളക്കം സൃഷ്ടിച്ച ശോഭാസിറ്റി ഫാ ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി നിസാമിനെതിരെ വീണ്ടും കേസ്. സഹ തടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചുവെന്നാണ് പുതിയ കേസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
കേസിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയില്‍ ഉദ്യോഗസ്ഥരും പറയുന്നത്. ജൂണില്‍ നടന്ന സംഭവത്തില്‍ സഹതടവുകാരനായ നസീര്‍ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും ഒരു മാസം മുമ്പ് നടന്ന സംഭവത്തില്‍ ആഗസ്ത് രണ്ടിനാണ് കേസെടുത്തതെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ബസിനസുകാരനായ മുഹമ്മദ് നിസാം കൊലപ്പെടുത്തിയ സംഭവം. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയില്‍ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുവരെ വിവാദമായിരുന്നു. വിയ്യൂരും, കണ്ണൂര്‍ ജയിലിലും ശിക്ഷ അനുഭവിച്ച നിസാം ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് കഴിയുന്നത്.
വധശിക്ഷ വിധിക്കപ്പെട്ട് പൂജപ്പുരയില്‍ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേര്‍ന്ന് നസീറെന്ന സഹതടവുകാരന്റെ കാലില്‍ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിശാമിനെതിരായ പുതിയ കേസ്. നസീര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12-ാം ബ്ലോകിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീര്‍. ഈ ബ്ലോകില്‍ ജോലിക്കു പോകുന്നയാളാണ് വധശിക്ഷക്ക് ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മറ്റൊരു തടവുകാരനായ ബിനു. ജയില്‍ ബാര്‍ബര്‍ ഷോപിലെ സാമഗ്രികള്‍ വൃത്തിയാക്കാന്‍ വച്ചിരുന്ന ചൂടുവെള്ളം കാലില്‍ വീണെന്ന് പറഞ്ഞ് നസീര്‍ അടുത്തിടെ ജയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
എന്നാല്‍ സംഭവം നടന്ന ദിവസം തന്നെ ആരെങ്കിലും ആക്രമിച്ചതായി പരാതിയൊന്നും നസീര്‍ അറിയിച്ചില്ലെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഒന്നാം ബ്ലോകിലായിരുന്നു നിസാം. നിസാമിന്റെ പ്രേരണയോടെ ബിനു കാലില്‍ ചൂടുവെള്ളമൊഴിച്ചുവെന്നാണ് പരാതി. ഇത്തരമൊരു സംഭവം ജയിലില്‍ നിന്നും നേരത്തെ റിപോര്‍ട് ചെയ്തിട്ടില്ലെന്ന് പൊലീസും പറയുന്നു.
സഹതടവുകാരുടെ അനുയായികള്‍ക്ക് നിസാം പണം നല്‍കാറുണ്ടെന്ന വിവരം ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. സൂപ്രീം കോടതിയില്‍ നിശാമിന്റെ അപീല്‍ നില്‍ക്കുന്നതിനാല്‍ ചില കേസുകളില്‍ ഉള്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും പണം വാങ്ങുന്നതായുള്ള വിവരം ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
അത്തരത്തിലുള്ള ഗൂഢാലോചന ഈ കേസിന് പിന്നിലുണ്ടോയെന്നും പൊലീസും ജയില്‍ ഉദ്യോഗസ്ഥരും പരിശോധിക്കുന്നുണ്ട്. ജയില്‍ ബ്ലോകിലുള്ള മറ്റ് തടവുകാരില്‍ നിന്നും മൊഴിയെടുക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് വ്യക്തതവരുമെന്ന് പൊലീസ് പറയുന്നു.
Keywords: Chandrabose case accused Nisham booked on atrocity against co- prisoner, Thrissur, News, Trending, Murder case, Police, Probe, Kerala.