HC Verdict | 'വിദ്യാർഥിയുടെ സർടിഫികറ്റുകൾ അവരുടെ വ്യക്തിഗത സ്വത്ത്'; ഒരു സ്ഥാപനത്തിനും കൈവശം വയ്ക്കാനാവില്ലെന്ന് ഹൈകോടതി

 


ചണ്ഡീഗഡ്: (www.kvartha.com) വിദ്യാർഥിയുടെ സർടിഫികറ്റുകൾ അവരുടെ വ്യക്തിഗത സ്വത്താണെന്നും നിയമപരമായ അധികാരമില്ലാതെ ഒരു സ്ഥാപനത്തിനും അല്ലെങ്കിൽ വ്യക്തിക്കും അവ കൈവശം വയ്ക്കാനാവില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ സുപ്രധാന വിധി. 'ഒരു വിദ്യാർഥിയിൽ നിന്ന് എന്തെങ്കിലും ലഭിക്കാനുണ്ടെങ്കിലോ, വിദ്യാർഥി നിയമപരമായി അനുശാസിക്കുന്ന എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിലോ അല്ലെങ്കിൽ നിരസിച്ചാലോ അത് പാലിക്കുമെന്ന് ഉറപ്പാക്കുന്നതിന് നിയമപ്രകാരം നൽകിയിരിക്കുന്ന മാർഗങ്ങൾ അവലംബിക്കാം. ഒറിജിനൽ സർടിഫികറ്റുകളോ രേഖകളോ കൈവശം വെക്കുന്ന രീതി ന്യായമല്ല', ജസ്റ്റിസ് സുധീർ മിത്തലിന്റെ ബെഞ്ച് നിരീക്ഷിച്ചു.
                 
HC Verdict | 'വിദ്യാർഥിയുടെ സർടിഫികറ്റുകൾ അവരുടെ വ്യക്തിഗത സ്വത്ത്'; ഒരു സ്ഥാപനത്തിനും കൈവശം വയ്ക്കാനാവില്ലെന്ന് ഹൈകോടതി

റോഹ്‌തക്കിലെ പിടി ബിഡി ശർമ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത് സയൻസസിനെതിരെ ഹൈകോടതിയെ സമീപിച്ച മോണിക എന്ന വിദ്യാർഥിനിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ബാചിലർ ഓഫ് ഡെന്റൽ സയൻസ് കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കുകയും 52,090 രൂപ അടച്ച് ഒറിജിനൽ സർടിഫികറ്റുകൾ സ്ഥാപനത്തിന് നൽകുകയും ചെയ്തുവെന്നും എന്നാൽ കോഴ്‌സിന് ചേരാത്തതിനാൽ അടച്ച തുകയും സർടിഫികറ്റുകളും തിരികെ തരാൻ സ്ഥാപനം തയ്യാറായില്ലെന്നും മോണിക ഹർജിയിൽ ആരോപിച്ചു.

ബിരുദ മെഡികൽ കോഴ്‌സുകൾക്കായുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായതിനെ തുടർന്നാണ്

2022 ഫെബ്രുവരിയിൽ ബിഡിഎസ് കോഴ്‌സിൽ മോണികയ്ക്ക് സീറ്റ് ലഭിച്ചത്. പ്രാരംഭ ഫീസും ഒറിജിനൽ സർറ്റിഫികറ്റുകളും 2022 ഫെബ്രുവരി ഏഴിനാണ് സ്ഥാപനത്തിന് സമർപിച്ചതെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ കൗൺസിലിങ്ങിന്റെ അവസാന തീയതി 2022 ഏപ്രിൽ 28 ആണെന്നും ആദ്യ ഘട്ടത്തിൽ വിജയിച്ചതായി പ്രഖ്യാപിച്ചതിനാൽ പ്രവേശനം അനുവദിച്ചുവെന്നും ഹൈകോടതിയിൽ സർവകലാശാല വാദിച്ചു. എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഹരിയാന സർകാർ നടപടിക്രമം സർവകലാശാല പരാമർശിച്ചു, അതനുസരിച്ച് ഓരോ വിദ്യാർഥിയും കോഴ്‌സ് പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്ന് രണ്ട് ജാമ്യക്കാരുടെ ഉറപ്പോടെ 10 ലക്ഷം രൂപയുടെ ബോൻഡ് കെട്ടിവയ്ക്കണം.

വിദ്യാർഥിനി കോഴ്‌സ് പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ ബോൻഡ് പണം അടച്ചില്ലെങ്കിൽ യഥാർഥ സർടിഫികറ്റുകൾ തിരികെ നൽകാനാവില്ലെന്നും സർവകലാശാല കോടതിയെ അറിയിച്ചു.

എന്നാൽ കുടിശികയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പണം അടയ്ക്കുന്നതിന് സെക്യൂരിറ്റിയായി അസൽ രേഖകൾ സർവകലാശാലയ്ക്ക് കൈവശം വയ്ക്കാൻ കഴിയുമെന്ന തരത്തിലുള്ള പ്രവേശന നിബന്ധനകളും വ്യവസ്ഥകളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. അതിനാൽ, ഒറിജിനൽ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്നത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി.

'കൗൺസിലിംഗിന്റെ അവസാന തീയതി ഏപ്രിൽ 28 ആയിരുന്നു, മാർച് 14ന് സീറ്റ് വേണ്ടന്നതിനെ കുറിച്ച് വിദ്യാർഥിനി സർവകലാശാലയെ അറിയിച്ചിരുന്നു. അതിനാൽ, കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ചുവെന്ന് പറയാമോ എന്നത് സംശയമാണ്. ഒരു വിദ്യാർഥിയുടെ സർടിഫികറ്റുകൾ അവരുടെ വ്യക്തിഗത സ്വത്താണ്. നിയമപരമായ അധികാരമില്ലാതെ ഏതൊരു സ്ഥാപനത്തിനും/വ്യക്തിക്കും അവ കൈവശം വയ്ക്കാനാകില്ല', കോടതി നിരീക്ഷിച്ചു. ഒറിജിനൽ സർടിഫികറ്റുകൾ 10 ദിവസത്തിനകം തിരികെ നൽകണമെന്ന് കോടതി നിർദേശിച്ചു.

Keywords: Certificates of student are individual property; no institution can retain it: HC, National, News, Top-Headlines, High Court, Student, Certificate, Latest-News, Punjab, Haryana.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia