ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കന്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപതി ഭവനിലെ കള്‍ചറല്‍ സെന്ററില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുത്ത നീതി ആയോഗിന്റെ ഏഴാമത് ഗവേനിംഗ് കൗന്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതില്‍ നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണം. പാര്‍ശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണ്.
ഭരണഘടനയുടെ 11 ഉം 12 ഉം പട്ടികകളില്‍ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്പിച്ച് കഴിഞ്ഞ കേരളം, വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണ്. സംസ്ഥാനത്തിന്റെ കന്‍സോളിഡേറ്റ് തുക വിതരണം ചെയ്യുമ്പോള്‍ ഇതും പരിഗണിക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പി എം എ വൈ നഗര-ഗ്രാമ പദ്ധതികള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിര്‍മാണസാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നതും പരിഗണിക്കേണ്ട വിഷയമാണ്.
കേരളത്തിന്റെ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി ദേശീയപാതാ വികസനമടക്കമുള്ള നടപടികള്‍ സമയബധിതമായി പൂര്‍ത്തികരിക്കണം. അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്റെ വ്യോമ-റെയില്‍ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്കുന്നതിന് നടപടി സ്വീകരിക്കണം.
590 കിലോമീറ്ററോളം നീണ്ട തീരമുള്ള കേരളത്തില്‍ കനത്ത മഴ മണ്ണൊലിപ്പ് വര്‍ധിപ്പിക്കുന്നു. തീരസംരക്ഷണ നടപടികള്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ വേണം.
മീന്‍പിടുത്തത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ടിഷ്യൂ കള്‍ചര്‍ തെങ്ങിന്‍ തൈകളുടെ ഉല്പാദനത്തിനും വാണിജ്യവത്കരണത്തിനും ആവശ്യമായ ഗവേഷണ വികസന സാമ്പത്തിക സഹായങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ഉണ്ടാവണം. പാം ഓയില്‍ ഉല്പാദനത്തില്‍ മുന്‍നിരയിലുള്ള കേരളത്തില്‍ ഒരു സംസ്‌ക്കരണ യൂനിറ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പാം ഓയില്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് പുതിയ സംസ്‌ക്കരണശാലകള്‍ തുടങ്ങുന്നതിന് പിന്തുണ നല്‍കണമെന്നും നിലക്കടലയുടെ ഉല്പാദനത്തിനും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡാനന്തരമുള്ള സാമ്പത്തിക സാഹചര്യത്തില്‍ നിന്നും സംസ്ഥാനം മുക്തി നേടാത്തതിനാല്‍ കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തുന്നതിനും നടപടി ഉണ്ടാകണം. വിദ്യാഭ്യാസത്തിലൂടെ ജനാധിപത്യം, ഭരണഘടനമൂല്യങ്ങള്‍, മതേതരത്വം, ശാസ്ത്രാവബോധം എന്നിവ ഉള്‍ക്കൊള്ളുന്നതിന് വിദ്യാര്‍ഥികള്‍ പ്രാപ്തരാകണമെന്നാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാട്.
ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന പങ്കാളിത്തവും ഗുണമേന്മയും സര്‍കാര്‍ ലക്ഷ്യം വയ്ക്കുന്നു. സ്വകാര്യ വിദ്യാഭ്യാസം കൊണ്ട് എല്ലാവര്‍ക്കും സമ്പൂര്‍ണ വിദ്യാഭ്യാസം എന്ന ആശയം പ്രവര്‍ത്തികമാക്കാനാവില്ല. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ ഡിവൈഡിന്റെ അന്തരം കുറയ്ക്കുന്നതാണ് സംസ്ഥാനത്തിന്റെ കെ-ഫോണ്‍ പദ്ധതി.
കൃഷി-മൃഗസംരക്ഷണം- മത്സ്യബന്ധനം എന്നിവയില്‍ കേരളം രൂപപ്പെടുത്തിയ സമഗ്ര മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും അനുകരണീയമാണെന്നതും മുഖ്യമന്ത്രി കൗന്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തി.
നീതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി, സി ഇ ഒ പരമേശ്വരന്‍ അയ്യര്‍ എന്നിവര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണ് നടന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍, ഗതാഗത ഹൈവേ വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും കൗന്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.