ഇടുക്കി: (www.kvartha.com) അടിമാലിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. തുമ്പിപ്പാറകുടി സ്വദേശി വെള്ളാരംപാറയില്‍ റോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂരിപ്പാറയില്‍ ശശിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: റോയിയും ശശിയും അയല്‍വാസികളാണ്. സ്ഥലത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവര്‍ക്കും ഇടയില്‍ ദീര്‍ഘനാളായി നിലനിന്നിരുന്നു. പലപ്പോഴും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ ശശി വീണ്ടും സ്ഥലത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റോയിയുമായി തര്‍ക്കത്തില്‍ ഏര്‍പെട്ടു. തുടര്‍ന്ന് ശശി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് റോയിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. മുറിവ് ആഴത്തിലേറ്റതിനാല്‍ റോയി സംഭവസ്ഥലത്ത് തന്നെ മരിച്ചു.