കല്യാശേരി: (www.kvartha.com) ബാലസംഘം സ്ഥാപക സെക്രടറിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ പി കെ കുഞ്ഞനന്തന്‍ നായര്‍ (ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍) അന്തരിച്ചു. 96 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം.
1935 ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായി. 1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1945- 46 കാലഘട്ടത്തില്‍ ബോംബൈയില്‍ രഹസ്യ പാര്‍ടി പ്രവര്‍ത്തനം നടത്തി. 1948 ല്‍ കൊല്‍കതയിലും 1953 മുതല്‍ 58 വരെ ഡെല്‍ഹി പാര്‍ടി കേന്ദ്ര കമിറ്റി ഓഫിസിലും പ്രവര്‍ത്തിച്ചു.
കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സി പി എമിനൊപ്പം നിന്നു . 57 ല്‍ ഇഎംഎസ് പാര്‍ടി അഖിലേന്‍ഡ്യ സെക്രടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രടറി ആയി. 1958 ല്‍ റഷ്യയില്‍ പോയി പാര്‍ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു. 1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു.
1965 ല്‍ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി. തൊണ്ണൂറു മുതല്‍ സി പി എമില്‍ ആളിപ്പടര്‍ന്ന വിഭാഗീയതയില്‍ വി എസ് പക്ഷത്തിനൊപ്പം നിലയുറുപ്പിച്ച സൈദ്ധാന്തികന്‍ കൂടിയായിരുന്നു ബര്‍ലിന്‍.
അദ്ദേഹത്തിന്റെ വീട്ടില്‍ വി എസ് വന്നതും പാര്‍ടി അച്ചടക്കനടപടി സ്വീകരിച്ചതും വലിയ വിവാദമായിരുന്നു. അന്നത്തെ സി പി എം സംസ്ഥാന സെക്രടറി പിണറായി വിജയനെയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരെയും റിവിഷനിസ്റ്റുകളാക്കി ചിത്രീകരിച്ചുകൊണ്ടു മാതൃഭൂമി വാരികയില്‍ അദ്ദേഹമെഴുതിയ പൊളിച്ചെഴുത്തെന്ന ആത്മകഥ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
പിന്നീട് പാര്‍ടിയില്‍ വിഭാഗീയത ശമിക്കുകയും പിണറായി വിഭാഗം സര്‍വാധിപത്യം സ്ഥാപിക്കുകയും വി എസ് ഒതുങ്ങുകയും ചെയ്തതോടെ ഔദ്യോഗിക വിഭാഗത്തിനൊപ്പം മനസുമാറ്റുകയായിരുന്നു ബര്‍ലിന്‍. എന്നാല്‍ അവസാനകാലത്ത് നാറാത്തെ വീട്ടില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ അദ്ദേഹത്തിന്റെ പൂര്‍ണനിയന്ത്രണം സി പി എം ഏറ്റെടുക്കുകയായിരുന്നു. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പാര്‍ടിക്ക് എഴുതികൊടുക്കുമെന്ന് ബര്‍ലിന്‍ പൊതുവേദിയില്‍ പ്രഖ്യാപിച്ചിരുന്നു.
സാര്‍വദേശീയതലത്തില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കമ്യൂണിറ്റ് പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
കിഴക്കന്‍ ജര്‍മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോകിന്റെയും വിശേഷങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Keywords: Berlin Kunjananthan Nair passes away, Kannur, News, Politics, Writer, Media, Obituary, Death, Kerala.