ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലായി വാനര വസൂരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ഇതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ടുകള്‍ പ്രകാരം ഗര്‍ഭിണികളിലും കുട്ടികളിലും ഈ രോഗം ഗുരുതരമായേക്കാം എന്നാണ് പറയുന്നത്.
ഇതുസംബന്ധിച്ച റിപോര്‍ട് പ്രശസ്ത മെഡികല്‍ ജേണലായ ദി ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോസെന്‍ യൂനിവേഴ്‌സിറ്റി, കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി, സിംഗപൂരിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ആര്‍ടികിള്‍ രചിച്ചത്.
പൂര്‍ണ ആരോഗ്യമുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ വാനര വസൂരി ബാധിച്ച കുട്ടികളും ഗര്‍ഭിണികളും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഭാഗമാണെന്നും ഇവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടായേക്കാമെന്നും ആര്‍ടികിളില്‍ പറയുന്നു.
നേരത്തേ രോഗം റിപോര്‍ട് ചെയ്യപ്പെട്ടപ്പോഴെല്ലാം കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയതും ആശുപത്രിവാസം വേണ്ടിവന്നതും കുട്ടികളിലാണെന്ന് റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഗര്‍ഭസ്ഥശിശുവിന് ഗുരുതര പ്രശ്‌നങ്ങള്‍, അണുബാധ തുടങ്ങിയവയാണ് വാനര വസൂരി ബാധിച്ച ഗര്‍ഭിണികളില്‍ കൂടുതലായി റിപോര്‍ട് ചെയ്യപ്പെട്ടതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നതിലേക്കും ന്യൂമോണിയ, എന്‍സഫലൈറ്റിസ് എന്നിവയിലേക്കുമൊക്കെ രോഗം നയിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
Keywords: Are kids, pregnant women more at risk for Monkey Pox?, New Delhi, News, Trending, Pregnant Woman, Children, Report, National.