കൊച്ചി: (www.kvartha.com) വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി അതിവേഗ നിരീക്ഷണ കപ്പലായ ഐ സി ജി എസ് 'അനഘ്' (ICGS- 246). വിഴിഞ്ഞം തീര സംരക്ഷണ സേന ജെട്ടിയില്‍വച്ച് ഇന്നാണ് കപ്പല്‍ കൈമാറിയത്. കേരളത്തിന്റെ തീരദേശ സുരക്ഷ വര്‍ധിപ്പിക്കുവാനും തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവ കാര്യക്ഷമമാക്കാനും ഈ കപ്പല്‍ സഹായകരമാകുമെന്ന് അഡീഷനല്‍ ചീഫ് സെക്രടറി (ആഭ്യന്തരം) വി വേണു ഐ എ എസ് പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഐ സി ജി എസ് അനഘ് കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് തദ്ദേശീയമായി നിര്‍മിച്ച കപ്പലാണ്. 15 ദിവസം തുടര്‍ച്ചയായി കടലില്‍ തങ്ങാന്‍ കപ്പലിന് കഴിയും. കപ്പലില്‍ ആയുധങ്ങളും തിരച്ചില്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും സജ്ജമാണ്. കമാന്‍ഡന്റ് അമിത് ഹൂഡയുടെ നേതൃത്വത്തില്‍ അഞ്ച് ഉദ്യോഗസ്ഥരും 33 ജീവനക്കാരുമാണ് കപ്പലിലുള്ളത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയില്‍ ഈ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഷിപിംഗ് ഹബായി മാറുമെന്നതിനാല്‍ ഇന്‍ഡ്യന്‍ മഹാസമുദ്ര മേഖലയിലെ തന്ത്രപരമായ ആവശ്യകത മുന്‍കൂട്ടി കണ്ടാണ് കപ്പല്‍ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായതെന്ന് സേനയുടെ കേരള-മാഹി മേഖല കമാന്‍ഡര്‍ ഡിഐജി എന്‍ രവി പറഞ്ഞു.
കേരളത്തിന്റെയും മഹിയുടെയും ചുമതലയുള്ള തീരസംരക്ഷണ സേന മേഖല കമാന്‍ഡര്‍, വിഴിഞ്ഞം തീരസംരക്ഷണ സേന കമാന്‍ഡര്‍, പാങ്ങോട് മിലിടറി സ്റ്റേഷന്‍ കമാന്‍ഡര്‍, ശംഖുമുഖം എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ചീഫ് ഓപറേഷന്‍ ഓഫീസര്‍, അനഘിന്റെ കമന്റിങ് ഓഫീസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.