കുവൈത് സിറ്റി: (www.kvartha.com) അനാശാസ്യ പ്രവര്‍ത്തനങ്ങളടക്കം വിവിധ നിയമലംഘനങ്ങളിലായി കുവൈതില്‍ പ്രവാസികള്‍ അറസ്റ്റില്‍. കുവൈത് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 80 പ്രവാസികളെ പിടികൂടിയത്.
മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പെടുകയും പൊതുസാന്മാര്‍ഗികത ലംഘിക്കുകയും ചെയ്ത കുറ്റത്തിന് 20 പുരുഷന്‍മാരെയും സ്ത്രീയെയും ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 51 വിദേശികളും അറസ്റ്റിലായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എല്ലാ പൗരന്മാരോടും താമസക്കാരോടും റെസിഡന്‍സി നിയമം ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കരുതെന്നും സുരക്ഷാ സേനയുമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. സ്പോന്‍സര്‍മാര്‍ റെസിഡന്‍സി നിയമം പാലിച്ചില്ലെങ്കില്‍ സ്പോന്‍സര്‍ ഫയലുകള്‍ (ഒരു വ്യക്തിയോ കംപനിയോ) ബ്ലോക് ചെയ്യപ്പെടും.
താമസ നിയമലംഘകരെയോ ഒളിച്ചോടിയവരെയോ പാര്‍പിക്കുന്നതായി കണ്ടെത്തുന്ന തൊഴിലാളികളെ സ്‌പോന്‍സര്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കുമെന്നും പിന്നെ, വിസ നല്‍കാന്‍ കഴിയില്ലെന്നും വിസ പുതുക്കുന്നത് തടയുമെന്നും അവരെ അന്വേഷണത്തിനായി കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുറ്റവാളിയെ വീണ്ടും കുവൈതില്‍ പ്രവേശിക്കാനും അനുവദിക്കില്ല.