തിരുവനന്തപുരം: (www.kvartha.com) കോന്നി സര്‍കാര്‍ മെഡികല്‍ കോളജിന്റെ വികസനത്തിനായി അടിയന്തരമായി 4,42,86,798 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി മെഡികല്‍ കോളജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഈ വര്‍ഷം തന്നെ നാഷനല്‍ മെഡികല്‍ കമിഷന്റെ അനുമതി ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്.
മെഡികല്‍ കമിഷന്‍ പറയുന്ന നിബന്ധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അനുവദിച്ച തുകയില്‍ നിന്നും 70 ലക്ഷം രൂപയുടെ വീതം രണ്ട് മോഡ്യുലാര്‍ ഓപറേഷന്‍ തിയറ്ററുകള്‍ സജ്ജമാക്കുന്നതാണ്. ഫര്‍ണിചറുകള്‍ക്കായി 32.85 ലക്ഷം രൂപയും, ബുകുകള്‍ക്കും ജേര്‍ണലുകള്‍ക്കുമായി 35 ലക്ഷം രൂപയും അനുവദിച്ചു. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഇവ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഐസിയു അനുബന്ധ ഉപകരണങ്ങള്‍, ഇഎന്‍ടി സര്‍ജറി, ഗൈനകോളജി എന്നിവയ്ക്ക് ആവശ്യമായ മെറ്റിരിയലുകള്‍, ബയോകെമിസ്ട്രി, മൈക്രോബയോളജി വിഭാഗത്തിനുള്ള റീ ഏജന്റുകള്‍, കെമികല്‍, കിറ്റുകള്‍, പാതോളജി വിഭാഗത്തിനുള്ള മെറ്റീരിയലുകള്‍, കിറ്റുകള്‍, ഓര്‍തോപീഡിക് സര്‍ജറിയ്ക്കുള്ള ഉപകരണങ്ങള്‍, അനസ്തേഷ്യ വര്‍ക് സ്റ്റേഷന്‍, പേഷ്യന്റ് വാമര്‍, മള്‍ടിപാര മോണിറ്റര്‍, ഓപറേറ്റിംഗ് മൈക്രോസ്‌കോപ്, ഡെന്റല്‍, പീഡിയാട്രിക്, പള്‍മണോളജി, ഫിസിയോളജി എന്നീ വിഭാഗങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായാണ് തുകയനുവദിച്ചത്.
കോന്നി മെഡികല്‍ കോളജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സ്പെഷ്യാലിറ്റി, സൂപര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍, ലേബര്‍ റൂം, ബ്ലഡ് ബാങ്ക് എന്നിവ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം ആര്‍ ഐ, കാത് ലാബ്, ന്യൂറോളജി സേവനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂനിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങള്‍ എന്നിവയും ലക്ഷ്യമിടുന്നു.
കോന്നി മെഡികല്‍ കോളജിന്റെ വിപുലീകരണത്തിന് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഈ സര്‍കാരിന്റെ കാലത്താണ്. കിഫ്ബിയില്‍ നിന്നും 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 264.50 കോടി രൂപ നിര്‍മാണ പ്രവര്‍ത്തികള്‍ക്കും 87.22 കോടി രൂപ ഉപകരണങ്ങള്‍ക്കും ഫര്‍ണിചറുകള്‍ വാങ്ങുന്നതിനും വേണ്ടിയാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6.75 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ മാര്‍ച് മാസത്തില്‍ നല്‍കി. ഇതിലൂടെ പത്തനംതിട്ട ജില്ലയില്‍ സര്‍കാര്‍ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സിടി സ്‌കാനിംഗ് മെഷിന്‍ കോന്നി മെഡികല്‍ കോളജില്‍ സ്ഥാപിക്കുന്നു.
ഇതുകൂടാതെ കോന്നി മെഡികല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 19.5 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെയാണ് അടിയന്തരമായി ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Keywords: 4.43 crore allocated urgently for the development work of Konni Medical College says Minister Veena George, Thiruvananthapuram, News, Medical College, Health, Health Minister, Kerala.