കൊല്‍കത: (www.kvartha.com) യൂറോപില്‍ നിന്നെത്തിയ യുവാവിന് കുരങ്ങുപനി ബാധിച്ചതായി സംശയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചികന്‍ പോക്സാണെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ വെള്ളിയാഴ്ചയാണ് യുവാവിനെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികന്‍ പോക്‌സിന് ചികിത്സ നല്‍കുമെന്നും ഉടന്‍ തന്നെ ആശുപത്രി വിടാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജിയിലാണ് രക്ത സാംപിളും ശരീരസ്രവങ്ങളും പരിശോധിച്ചത്. റിപോര്‍ട് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
പാശ്ചാത്യ രാജ്യങ്ങളില്‍ കുരങ്ങുപനി റിപോര്‍ട് ചെയ്തിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങള്‍ കാണിക്കുന്ന യാത്രക്കാരെ ഉടന്‍ ഐസൊലേറ്റ് ചെയ്യാന്‍ വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാനരവസൂരി ലക്ഷണങ്ങള്‍:
ശരീരത്തില്‍ വൈറസ് പ്രവേശിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരും. കുമിളകളായി മാറുകയും പഴുക്കുകയും ചെയ്യും. ദിവസങ്ങള്‍ക്ക് ശേഷം പൊട്ടിപ്പോകും. പനി, പേശിവേദന, ശക്തമായ തലവേദന, ചര്‍മത്തിലെ ചുണങ്ങ് അല്ലെങ്കില്‍ മുറിവുകള്‍, ക്ഷീണം, പുറം വേദന എന്നിവയെല്ലാം കുരങ്ങുപനി ലക്ഷണങ്ങളാണ്.