തിരുവനന്തപുരം: (www.kvartha.com) വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച് സര്‍കാര്‍. വഖഫ് ബോര്‍ഡില്‍ പിഎസ്‌സി വഴി നിയമനം നടത്തുന്നതിനുള്ള തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും, നിയമനത്തിനായി പുതിയ നിയമഭേഗദതി കൊണ്ടുവരാന്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംഘടനകളുമായി സര്‍കാര്‍ നടത്തിയ ചര്‍ചയില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ ഉള്‍തിരിഞ്ഞ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അതിനു സംരക്ഷണം ഉണ്ടാകണമെന്നുമാണ് അന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. അതിന് സംരക്ഷണം ഉണ്ടാകുമെന്ന് സര്‍കാരും വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് നിയമം പാസാക്കിയത്. അത് കഴിഞ്ഞ് കുറച്ച് കാലം പിന്നിട്ട ശേഷമാണ് ഇതൊരു പ്രശ്നമായി ലീഗ് ഉന്നയിക്കുന്നത്.
2016ലാണ് വഖഫ് ബോര്‍ഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധനക്കായി സബ്ജക്ട് കമിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ചയിലോ വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിലോ ആരും എതിര്‍പറയിച്ചിരുന്നില്ല എന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.