കീവ്: (www.kvartha.com) കടുത്ത നടപടിയുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി. ഇന്‍ഡ്യ അടക്കമുള്ള അഞ്ച് രാജ്യങ്ങളിലെ യുക്രെയ്ന്‍ അംബാസഡര്‍മാരെ പുറത്താക്കിയതായി സെലെന്‍സ്‌കി അറിയിച്ചു.
ഇന്‍ഡ്യയ്ക്ക് പുറമെ ജര്‍മനി, ചെക് റിപബ്ലിക്, നോര്‍വെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരെയാണ് പുറത്താക്കിയത്. കാരണമെന്തെന്ന് വ്യക്തമല്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ക്ക് മറ്റെന്തെങ്കിലും ചുമതല നല്‍കുമോ എന്നും വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സി റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു.
ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ പിന്തുണ നേടാന്‍ സെലെന്‍സ്‌കി തന്റെ നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു. ഇന്‍ഡ്യയും ജര്‍മനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നതെന്ന കാര്യത്തില്‍ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.
റഷ്യന്‍ ഊര്‍ജ വിതരണത്തെയും യൂറോപിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെയും വളരെയധികം ആശ്രയിക്കുന്ന ജര്‍മനിയുമായുള്ള യുക്രെയ്‌ന്റെ ബന്ധത്തില്‍ കുറച്ചു കാലങ്ങളായി പ്രശ്‌നങ്ങളുണ്ട്.
കാനഡയില്‍ അറ്റകുറ്റപ്പണി നടക്കുന്ന ജര്‍മന്‍ നിര്‍മിത ടര്‍ബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തര്‍ക്കത്തിലാണ്. യൂറോപിലേക്ക് വാതക കയറ്റുമതിക്കായി റഷ്യന്‍ കമ്പനിക്ക് ടര്‍ബൈന്‍ കാനഡ വിട്ടു കൊടുക്കണമെന്നാണ് ജര്‍മനിയുടെ നിലപാട്. എന്നാല്‍ കാനഡ ടര്‍ബൈന്‍ വിട്ടു നല്‍കിയാല്‍ അത് നിലവില്‍ റഷ്യയ്ക്ക് മേലുള്ള ഉപരോധത്തിന്റെ ലംഘനമാകുമെന്നാണ് യുക്രെയ്‌ന്റെ പക്ഷം.