കൊച്ചി: (www.kvartha.com) സ്ത്രീധനത്തിന്റെയും താഴ്ന്ന ജാതിയില്‍ പെട്ടതെന്ന പേരിലുമുള്ള നിരന്തരമായ പീഡനത്തെ തുടര്‍ന്ന് ദളിത് യുവതി ആത്മഹത്യ ചെയ്തെന്ന സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്.
ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുന്നംകുളത്തെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി
ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷും സംഗീതയും പ്രണയത്തിലായിരുന്നു. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. സുമേഷ് ഉയര്‍ന്ന ജാതിയിലും സംഗീത താഴ്ന്ന ജാതിയിലുമായിരുന്നു എന്നത് ഇയാളുടെ വീട്ടില്‍ വലിയ പ്രശ്നമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഗീതയെ ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
പിന്നീട്, സുമേഷും സംഗീതയും കൊച്ചിയിലെ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ സമ്മര്‍ദം തുടര്‍ന്നിരുന്നതായും സ്ത്രീധനം തന്നില്ലെങ്കില്‍ ബന്ധം വിട്ടൊഴിയുമെന്നുമായിരുന്നു സുമേഷിന്റെ ഭീഷണിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇതിനിടയില്‍ സംഗീത ഗര്‍ഭിണിയായെങ്കിലും ഗര്‍ഭാവസ്ഥയില്‍ അഞ്ചാം മാസത്തില്‍ കുഞ്ഞ് മരിച്ചു. ഇതോടെ സുമേഷിന്റ വീട്ടുകാരുടെ ഭാഗത്ത് നിന്നും അധിക്ഷേപം വര്‍ധിച്ചതോടെ സഹിക്കവയ്യാതെയാണ് സംഗീത ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.