തിരുവനന്തപുരം: (www.kvartha.com) ആത്മീയത മാറ്റിവച്ച് അന്വേഷണം നടത്തിയാല്‍ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ അനവധി സന്ദേശങ്ങള്‍ രാമായണത്തില്‍ ലഭിക്കും. അതുകൊണ്ട് രാമായണത്തില്‍ നിന്നും പഠിക്കേണ്ടതായ ഗുണപാഠങ്ങള്‍ ധാരാളമുണ്ട്.
ദശരഥന് പറ്റിയ ആദ്യത്തെ അബദ്ധം ധര്‍മ ശാസ്ത്രവും നിയമവും ലംഘിച്ചു എന്നതാണ്. ഒന്നാമതായി സൂര്യാസ്തമയത്തിനുശേഷം നായാട്ടിന് പോവരുത്. കാരണം അത് അപകടകരമാണ്. രണ്ടാമതായി ഹിംസ്രജന്തുക്കളെയല്ലാതെ ആനയെ അമ്പെയ്യാന്‍ ധര്‍മ ശാസ്ത്രം അനുവാദം നല്‍കുന്നില്ല. രാജാവ് വേട്ടയ്ക്ക് പോകുന്നത് ഹിംസ്രജന്തുക്കളെ പോലും കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിക്കാനാണ്. ഇത് യുദ്ധത്തിനുള്ള ചങ്കൂറ്റത്തിന് പ്രയോജനപ്പെടും. അങ്ങിനെ ചെയ്ത രണ്ടു തെറ്റുകള്‍ നമുക്കും ജീവിതത്തില്‍ നിയമ ലംഘനത്തിലൂടെ സംഭവിക്കരുത്. എപ്പോഴെല്ലാം നിയമ ലംഘനം നടക്കുന്നുവോ, അപ്പോഴെല്ലാം പ്രശ്നങ്ങളുണ്ടാകും.
ശ്രവണ കുമാരന്റെ ദശരഥാസ്ത്രമേറ്റുള്ള മരണവും അതിന്റെ പരിണത ഫലവും ഇവിടെ പഠിക്കാം. തനിക്കും പുത്ര ദുഃഖത്തിലൂടെയുള്ള മരണം നിശ്ചയമാണെന്ന തീരാദുഃഖം ഈ തെറ്റിലൂടെ വന്നു ചേര്‍ന്നു.
കാലം കുറെ കഴിഞ്ഞിട്ടും ആധിയുടെ നടുക്കയത്തില്‍ ജീവിക്കുമ്പോഴും കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിക്കാതെ ഒരു യുദ്ധ യാത്രയില്‍ കൈകേയീ കൂടെ വരുന്നു.
ഭാര്യയെ എന്തിനു യുദ്ധത്തിന് കൊണ്ടു പോയീ? ഈ ചോദ്യം അവശേഷിക്കുന്നു. യുദ്ധവിജയത്തിന് അത് കാരണമായി, നിര്‍ഭാഗ്യവശാല്‍, സ്വന്തം ഭാര്യ തന്നെ സഹായിച്ചതിന്, അത്യാഹ്ലാദത്താല്‍ രണ്ടു വരം കൊടുത്തു. അതു വേണ്ടിയിരുന്നൊ? ആവശ്യമില്ലാത്ത വാഗ്ദാനം! കൂടാതെ അതെപ്പോള്‍ വേണമെങ്കിലും സ്വീകരിച്ചു കൊള്ളുവാനുള്ള അനുമതിയും!
എല്ലാവരും എല്ലായിപ്പോഴും ഒരേ പോലെയാകണമെന്നില്ലല്ലോ. മാറ്റം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നറിയേണ്ടേ. ആര്‍ക്കു എന്ത് വാഗ്ദാനം ചെയ്യമ്പോഴും അത് പിന്നീട് എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാന്‍ അനുമതി നല്‍കുമ്പോഴും വരും വരായ്കകള്‍ അറിയേണ്ടേ. ഭാവി കാര്യങ്ങളും മാറ്റങ്ങളെയും വിലയിരുത്താതെ മുന്നോട്ടു പോയാല്‍ സംഭിവിക്കുന്നതാണ് ദശരഥന് സംഭവിച്ചത്.
തനിക്കുള്ള ശാപവും താന്‍ കൊടുത്ത വരങ്ങളും എന്നെന്നും ഓര്‍ത്തുകൊണ്ട് വേദനിച്ചു കൊണ്ടു ദിവസങ്ങള്‍ നീക്കേണ്ടിവന്നു. ഇന്നലെ ചെയ്തതും, പറഞ്ഞതും ഇന്നത്തെ ദുഃഖത്തിന് കാരണമാകരുത് എന്നോര്‍ക്കണം. ഇത് നമുക്കും ബാധകമാണ്.
കൈകേയീ വളരെ ബുദ്ധിമതിയാണ്, നല്ലവളും. മന്ഥരയുടെ കൂട്ടുകെട്ട് അവരില്‍ മാറ്റമുണ്ടാക്കി. വ്യക്തികള്‍ എത്ര നല്ലവരാണെങ്കിലും കൂട്ടുകെട്ട് പലപ്പോഴും പ്രശ്നത്തിന് കാരണമായേക്കാം. മന്ഥര കൈകേയിയെ ഉപദേശിക്കുന്നതും മനസ് മാറ്റുന്നതും ഒരു മാനേജ്മെന്റ് രീതി തന്നെയാണ് എന്നോര്‍ക്കണം. മനുഷ്യമനസില്‍ മാറ്റമുണ്ടാക്കേണ്ട രീതി ഇവിടെ നിന്നും മനസിലാക്കാം. എത്ര നല്ല വ്യക്തിയാണെങ്കിലും പലപ്പോഴും മറ്റുള്ളവരുടെ ചതിയില്‍ നാമില്‍ പലരും വീഴുന്നതും ഇതുപോലെയാണ്.
വളരെ ധൃതിയിലായിരുന്നു ദശരഥന്റെ തീരുമാനങ്ങള്‍. പലതും ഭയന്നും പലരെയും സംശയിച്ചും ചിന്തിക്കാതെയും മറ്റുള്ളവരുമായി ചര്‍ച ചെയ്യാതെയും ഒറ്റക്കെടുത്ത തീരുമാനം വിനാശ കാലേ വിപരീത ബുദ്ധിയായി തീര്‍ന്നു. എത്ര പ്രശ്ന സങ്കീര്‍ണമായ കാര്യങ്ങളായാലും ധൃതിപിടിച്ചു തീരുമാനമെടുക്കരുത്. അടുത്തുള്ളവരോട് ചോദിക്കാതെയും ചര്‍ച ചെയ്യാതെയും വലുതോ ചെറുതോ ആയ കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ ചെന്നവസാനിക്കും.
പലപ്പോഴും പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നമ്മെ ചെന്നെത്തിക്കും. പിന്നീട് തിരിച്ചു വരാനും തിരുത്താനും ബുദ്ധിമുട്ടാകും എന്നു നാമറിയണം. ഇതാണ് ദശരഥന് സംഭവിച്ചത്. ഏത് കാര്യം ചെയ്യുമ്പോഴും, അതിനുള്ള തീരുമാനങ്ങളെടുക്കുമ്പോഴും പലരുമായിട്ട് ചിന്തിക്കണം. ആരെയെങ്കിലും മറച്ചുവയ്ക്കാനോ, ഒളിച്ചു വയ്ക്കാനോ ശ്രമിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ഭരതനും കൂടി തീരുമാനമെടുക്കുന്ന വേളയില്‍ അവിടെ ഉണ്ടായിരുന്നു എങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.
ഇനിയും നമുക്ക് പഠിക്കാം! കൈകേയിയുടെ സ്വാര്‍ഥത മൂന്നു സ്ത്രീകളെ വിധവകളാക്കി, നാലു മക്കള്‍ക്ക് അച്ഛന്‍ നഷ്ടമായി, രാജ്യത്തിനും പ്രജകള്‍ക്കും രാജാവ് നഷ്ടപ്പെട്ടു, മറ്റു രാജാക്കന്മാര്‍ക്ക് ചക്രവര്‍ത്തി ഇല്ലാതായി. ഒരു വ്യക്തിയുടെ സ്വാര്‍ഥത നമുക്കും പഠിക്കാനുള്ള പാഠമാകണം.
കടപ്പാട്: ഡോ. എന്‍ ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍, ഇന്‍ഡ്യന്‍ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയന്റിഫിക് ഹെറിറ്റേജ്, തിരുവനന്തപുരം.