പത്തനംതിട്ട: (www.kvartha.com) പതിവിലേറെ തിളക്കവും സാധാരണയില്‍ അൽപം കൂടി വലുപ്പവുമായി രാത്രി സൂപര്‍മൂണ്‍ ദശ്യമാവും. ഈ വര്‍ഷം ചന്ദ്രന്‍ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന ദിവസം കൂടിയാണിന്ന്. ഇനി ഏതാനും ദിവസത്തേക്ക് ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ഏകദേശ ദൂരം (3.85 ലക്ഷം കിലോമീറ്റര്‍) 3.57 ലക്ഷം കിലോമീറ്ററായി കുറയും.
മഴമേഘങ്ങള്‍ കാഴ്ച മറച്ചില്ലെങ്കില്‍ തിളക്കമേറിയ ചന്ദ്രബിംബത്തോടൊപ്പം (ഈ വര്‍ഷത്തെ ഏറ്റവും വലുപ്പമേറിയ സൂപര്‍മൂണ്‍) നിലാവില്‍ മുങ്ങിക്കുളിച്ച രാത്രിയും ആസ്വദിക്കാം. ആകാശം പൂര്‍ണ മേഘാവൃതമായാല്‍ കാഴ്ചയുടെ ഈ സൗഭാഗ്യം നഷ്ടപ്പെട്ടേക്കാമെന്നതാണ് വാനനിരീക്ഷകരെ നിരാശപ്പെടുത്തുന്നത്.
രണ്ടു ഗോളങ്ങളും തമ്മിലുള്ള ആകര്‍ഷണവും വര്‍ധിക്കും. ഇത് വേലിയറ്റത്തെയും വേലിയിറക്കത്തെയും നേരിയ തോതില്‍ ബാധിക്കും. അതേസമയം, മണ്‍സൂണ്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാറ്റിനൊപ്പം തിരമാലകളുടെ ഉയരവും വര്‍ധിച്ചേക്കാമെന്നതിനാല്‍ തീരത്ത് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
സൂപര്‍മൂണ്‍ സംബന്ധിച്ച് രാജ്യാന്തര അസ്‌ട്രോനോമികല്‍ യൂനിയന്‍ കൃത്യമായ നിര്‍വചനം നല്‍കിയിട്ടില്ല. ഇതിനെ സാധാരണ വെളുത്തവാവായി മാത്രമാണ് ചില ശാസ്ത്രജ്ഞര്‍ വീക്ഷിക്കുന്നത്. എന്നാല്‍ പതിവിലും 10-14 ശതമാനം വലുപ്പത്തിലും 2030 ശതമാനത്തോളം തെളിമയാര്‍ന്നുമാണ് സൂപര്‍മൂണ്‍ ദിവസങ്ങളില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുകയെന്ന് അമച്വര്‍ വാനനിരീക്ഷകര്‍ പറയുന്നു. എന്നാല്‍ സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ നില്‍ക്കുന്ന സമയമാണെന്ന പ്രത്യേകതയുമുണ്ട്. അഫേലിയോന്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്ത് തിരയേറ്റത്തിന്റെ രൂക്ഷത തുടരാന്‍ സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ ഇന്‍ഡ്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയ്‌സ്) അറിയിച്ചിട്ടുണ്ട്. 3.9 മീറ്റര്‍ വരെ തിരകള്‍ക്ക് ഉയരം വയ്ക്കാം. ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.