Follow KVARTHA on Google news Follow Us!
ad

Abe Shinzo Assassinated | തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ വെടിയേറ്റ ജപാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ മരിച്ചു; ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ശ്വാസം നിലച്ചിരുന്നതായി രക്ഷാപ്രവര്‍ത്തകര്‍; 41 കാരന്‍ കസ്റ്റഡിയില്‍

Shinzo Abe: Japan ex-PM assassinated at campaign event#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾടോകിയോ: (www.kvartha.com) കിഴക്കന്‍ ജപാനിലെ നാരാ നഗരത്തില്‍ വച്ച് വെടിയേറ്റ ജപാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ (67) മരിച്ചു. ജപാന്‍ സമയം രാവിലെ 11.30 നാണ് ആബെയ്ക്ക് വെടിയേറ്റത്. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തില്‍ ആബെ പ്രസംഗിച്ചുകൊണ്ടിരിക്കെ അക്രമി പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. 

വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അഗ്‌നിരക്ഷാസേന അറിയിച്ചിരുന്നു. ശ്വാസതടസം, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. എയര്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ആബെയുടെ ശ്വാസം നിലച്ചിരുന്നതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. നരാ നഗരവാസിയായ മുന്‍ പ്രതിരോധസേനാംഗം (മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്) തെത്സുയ യമാഗമി എന്ന 41 കാരനാണ് ആബെയെ വെടിവച്ചതെന്നാണ് ജപാന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ സ്വന്തമായി നിര്‍മിച്ച നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് സൂചനയുണ്ട്.

ആദ്യത്തെ വെടിയൊച്ച കേട്ടപ്പോള്‍ ആബെ വീണില്ലെന്നും രണ്ടാമത് വലിയൊരു വെടിയൊച്ച കേട്ടതോടെ ആബെ വീഴുന്നതാണ് കണ്ടതെന്നും സ്ഥലത്തുണ്ടായിരുന്ന യുവതി പറഞ്ഞു. ആബെ വീണതോടെ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ടിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ടിയുടെ (എല്‍ഡിപി) സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വെടിയേറ്റത്.

കുഴഞ്ഞുവീണ ആബെയുടെ കഴുത്തില്‍നിന്ന് രക്തം ഒലിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു. പിന്നാലെ ആബെയ്ക്ക് കാര്‍ഡിയോ-റെസ്പിറേറ്ററി അറസ്റ്റ് ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

2006ലാണ് ആബെ ആദ്യമായി ജപാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വര്‍ഷം അത് തുടര്‍ന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടര്‍ന്നു. ഈ സമയങ്ങളിലെല്ലാം എല്‍ഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ല്‍ പ്രതിപക്ഷ നേതാവായും 2005 മുതല്‍ 2006 വരെ ചീഫ് കാബിനറ്റ് സെക്രടറിയായും പ്രവര്‍ത്തിച്ചു. 

News,World,international,Tokyo,Health,Death,Shot,Dead,Top-Headlines,Politics,Prime Minister,Narendra Modi, Shinzo Abe: Japan ex-PM assassinated at campaign event


ഏറ്റവും കൂടുതല്‍ കാലം ജപാന്‍ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബെ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സൃഹൃത്ത് കൂടിയാണ് ആബെ.

ജപാന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റിവ്സിലേക്ക് ആദ്യമായി 1993ലാണ് ആബെ തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് നിര്‍ണായക സ്ഥാനത്തെത്തുന്നത് 2005ല്‍ ചീഫ് കാബിനറ്റ് സെക്രടറിയായതോടെയാണ്. തൊട്ടടുത്ത വര്‍ഷം ഡിസംബറില്‍ എല്‍ഡിപി പ്രസിഡന്റും ജപാന്റെ പ്രധാനമന്ത്രിയുമായി. ഒരു വര്‍ഷത്തിനിപ്പുറം ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

2012ല്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം എല്‍ഡിപിയിലെ ഷിഗേരു ഇഷിബയെ തോല്‍പിച്ച് വീണ്ടും പാര്‍ടി അധ്യക്ഷനായി. തൊട്ടടുത്ത വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് എല്‍ഡിപി സ്വന്തമാക്കിയത്. 2014ലും 2017ലും ഈ വിജയം തുടര്‍ന്നതാണ് ജപാനില്‍ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരിക്കാന്‍ ആബെയെ സഹായിച്ചത്. 2020 ഓഗസ്റ്റില്‍ ആരോഗ്യനില വീണ്ടും മോശമായതോടെ രാജിവയ്‌ക്കേണ്ടി വന്നു. 

Keywords: News,World,international,Tokyo,Health,Death,Shot,Dead,Top-Headlines,Politics,Prime Minister,Narendra Modi, Shinzo Abe: Japan ex-PM assassinated at campaign event

Post a Comment