ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ലൈന്‍സ് കംപനിയായ സ്‌പൈസ് ജെറ്റിന്റെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതില്‍ കംപനി പരാജയപ്പെട്ടെന്നും വിമാനാപകടങ്ങള്‍ കണക്കിലെടുത്ത് കംപനിയുടെ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിസിഎ നേരത്തെ കംപനിയോട് വിശദീകരണം തേടിയിരുന്നു. സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്‌പൈസ് ജെറ്റിന് നല്‍കിയ നോടീസില്‍ പറയുന്നു. 18 ദിവസത്തിനിടെ 8 സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിജിസിഎ നടപടി തുടങ്ങിയത്.
യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കര്‍ശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കിയിരുന്നു.