ഇറ്റാനഗര്‍: (www.kvartha.com) ഇന്‍ഡ്യ-ചൈന അതിര്‍ത്തിക്ക് സമീപം അരുണാചല്‍ പ്രദേശില്‍ 18 തൊഴിലാളികളെ കാണാനില്ലെന്ന് റിപോര്‍ട്. തൊഴിലാളികളെല്ലാം റോഡ് നിര്‍മാണ ജോലിയില്‍ ഏര്‍പെട്ടിരുന്നവരാണ്. ഇവരില്‍ ഒരാളുടെ മൃതദേഹം കുമി നദിയില്‍ നിന്നും കണ്ടെത്തി.
കഴിഞ്ഞയാഴ്ച മുതല്‍ ഇവരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂടി കമീഷനര്‍ അറിയിച്ചു. അസമില്‍ നിന്നുള്ളവരാണ് കാണാതായ ഭൂരിഭാഗം തൊഴിലാളികളും. ഈദ് പ്രമാണിച്ച് നാട്ടില്‍ പോകാന്‍ കരാറുകാരനോട് അവധിയ്ക്ക് അഭ്യര്‍ഥിച്ചിരുന്നുവെന്നും കരാറുകാരന്‍ ഇത് വിസമ്മതിച്ചതോടെ സംഘം കാല്‍നടയായി അസമിലേക്ക് പോയതായും വിവരമുണ്ട്.
തൊഴിലാളികള്‍ വനത്തിലുള്ളില്‍ കുടുങ്ങിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ തൊഴിലാളികളെല്ലാം നദിയില്‍ വീണതായി പൊലീസ് സംശയിക്കുന്നു.
തൊഴിലാളികളെ കണ്ടെത്താന്‍ നദി ഭാഗത്തേക്ക് റെസ്‌ക്യൂ ടീമിനെ അയച്ചു.
സംഭവസ്ഥലത്ത് നിന്നും ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തതെന്നും അപകടത്തില്‍ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.