നിലമ്പൂര്‍: (www.kvartha.com) വനത്തില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയ 56 കാരന് കരടിയുടെ ആക്രമണത്തില്‍ പരിക്ക്. ഗുരുതരമായി പരിക്കേറ്റ ടി കെ കോളനി മരടന്‍ കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ അമരമ്പലം ടി കെ കോളനിയിലായിരുന്നു സംഭവം.
ഒറ്റയ്ക്ക് വനത്തില്‍ പോയ കുഞ്ഞനെ പിന്നില്‍നിന്ന് കരടി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ ഉടന്‍ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെട്ട് അയല്‍വാസി രഘുരാമനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സ നല്‍കിയ ശേഷം ഇയാളെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മുത്തേടം, കരുളായി, ടി കെ കോളനി ഭാഗങ്ങളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം റിപോര്‍ട് ചെയ്തിരുന്നു. കാട്ടാനകള്‍ ഉള്‍പെടെ ഭീതി പരത്തുമ്പോഴാണ് കരടിയുടെ സാന്നിധ്യം കൂടി ഉണ്ടായിരിക്കുന്നത്. പുലിയുടെ ആക്രമണം ഉണ്ടായിയെന്നാണ് ആദ്യം പറഞ്ഞു കേട്ടതെങ്കിലും കരടിയാണ് തന്നെ ആക്രമിച്ചതെന്ന് കുഞ്ഞന്‍ പറഞ്ഞതായി ഒപ്പം എത്തിയവര്‍ അറിയിച്ചു. ചക്കിക്കഴി വനം സ്റ്റേഷനിലെ വനപാലകരും ഗ്രാമപഞ്ചായത്തംഗം ബാലസുബ്രഹ്മണ്യനുമുള്‍പെടെ കരടിയുടെ ആക്രമണമുണ്ടായ ടി കെ കോളനിയില്‍ എത്തി.