കോഴിക്കോട്: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന കേസില്‍ അറസ്റ്റിലായ യുവാവിന്റെ അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. സുബിന്‍ എന്നയാളുടെ അമ്മയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴ്ചയാണ് സുബിനെയും കൊളത്തൂര്‍ കുന്നത്തു സിറാജിനെയും (38) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിലെ മുഖ്യപ്രതി പുറക്കാട്ടിരി നാലുവയല്‍ കോളനിയിലെ അബ്ദുല്‍ നാസറി(53)നെ നേരത്തേ റിമാന്‍ഡ് ചെയ്തിരുന്നു. സുബിനെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്.
സുബിനും സുഹൃത്തും പാലോറമലയില്‍ കാത്ത് നില്‍ക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി അവിടെ എത്തിയതായിരുന്നു. അവിടെ നിന്ന് നാസര്‍ ആണ് കാറില്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് രാത്രി കൊളത്തൂരില്‍ സിറാജിന്റെ വീടിന് സമീപമെത്തി. അവിടെ നിന്ന് ഇരുവരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.