Follow KVARTHA on Google news Follow Us!
ad

MM Mani | സ്പീകറുടെ താക്കീത്: കെ കെ രമയ്ക്കെതിരെ സഭയില്‍ നടത്തിയ പരാമര്‍ശം എംഎം മണി പിന്‍വലിച്ചു; ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയരുതായിരുന്നുവെന്നും കുറ്റസമ്മതം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Controversy,Criticism,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) കെകെ രമയ്ക്കെതിരെ സഭയില്‍ എംഎം മണി നടത്തിയ പരാമര്‍ശം പിന്‍വലിച്ചു. സ്പീകര്‍ നടത്തിയ നടത്തിയ നിരീക്ഷണത്തെ മാനിക്കുന്നു. ജൂലൈ 14ന് നടത്തിയ പ്രസംഗത്തില്‍ തന്നെ ഉദ്ദേശശുദ്ധി വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോയി.

MM Mani withdraws his controversial ‘widow’ remark against MLA KK Rema, Thiruvananthapuram, News, Politics, Controversy, Criticism, Trending, Kerala

ആരേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് ഈ പരാമര്‍ശം ഞാന്‍ പിന്‍വലിക്കുകയാണ് എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പരാമര്‍ശം പിന്‍വലിക്കുന്നതായി സഭയെ അറിയിച്ചത്. മണിയുടെ പരാമര്‍ശത്തിനെതിരെ നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും പറഞ്ഞതില്‍ മണി ഉറച്ചു നില്‍ക്കുകയായിരുന്നു.

മണിയുടെ പരാമര്‍ശത്തിനെതിരെ സ്പീകര്‍ രംഗത്തെത്തിയതോടെയാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയാറായത്. നിയമസഭയില്‍ എംഎം മണി നടത്തിയ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണെന്നാണ് സ്പീകര്‍ എംബി രാജേഷ് പറഞ്ഞത്. വാക്കുകളുടെ വേരും അര്‍ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്.

ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ഥം ആവണമെന്നില്ല. എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ആശയം അന്തര്‍ലീനമായിട്ടുണ്ടെന്നും സ്പീകര്‍ നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് പ്രസ്താവന പിന്‍വലിക്കുന്നതായി എംഎം മണി സഭയെ അറിയിച്ചത്.

സ്പീകറുടെ വാക്കുകള്‍:

സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ച ചില വാക്കുകളുണ്ട്. അണ്‍പാര്‍ലമെന്ററി ആയ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാവാം. മുന്‍പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്.

വാക്കുകളുടെ വേരും അര്‍ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ഥം ആവണമെന്നില്ല. വാക്കുകള്‍ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാമൊഴികള്‍ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചുകൂടാനാവാത്തുമാവുന്നത്.

മനുഷ്യരുടെ നിറം, ശാരീരിര പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, കുടുംബപശ്ചാത്തലം, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍ ആണത്ത ഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായാണ് കണക്കാക്കപ്പെടുന്നത്.

അവയെല്ലാം സാമൂഹിക വളര്‍ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന ഒരവബോധം സമൂഹത്തിലാകെ വളര്‍ന്നുവരുന്നുണ്ട്. സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, അംഗപരിമിതര്‍, കാഴ്ചപരിമിതര്‍, പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ എന്നിവരെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ച് ഈ പരിഗണന പ്രധാനമാണ്.

എന്നാല്‍ ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം മനസ്സിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുന്‍പില്ലാത്ത വിധം സോഷ്യല്‍ ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാവുന്നുണ്ടെന്നും എല്ലാവരും ഓര്‍ക്കണം. സഭയ്ക്കും കാലത്തിന്റെ മാറ്റം ഉള്‍കൊള്ളാനാവണം. വാക്കുകള്‍ വിലക്കാനുള്ള ചെയറിന്റെ അധികാരം ഉപയോഗിച്ച് അടിച്ചേല്‍പിക്കേണ്ടതാണ് ഈ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണങ്ങളും സഭാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണം.

എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ആശയം അന്തര്‍ലീനമായിട്ടുണ്ടെന്നാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ ആശയവുമായി ചേര്‍ന്നുപോവുന്നതല്ല. എംഎം മണിയും ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പരാമര്‍ശം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords: MM Mani withdraws his controversial ‘widow’ remark against MLA KK Rema, Thiruvananthapuram, News, Politics, Controversy, Criticism, Trending, Kerala.

Post a Comment