Monkey Pox | വാനര വസൂരി ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ യുവാവ് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍; സ്രവം പരിശോധനയ്ക്കയച്ചു
Jul 17, 2022, 13:47 IST
കണ്ണൂര്‍: (www.kvartha.com) വാനര വസൂരി ലക്ഷണങ്ങളോടെ വിദേശത്തു നിന്നെത്തിയ യുവാവ് കണ്ണൂര്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. യുവാവ് നിരീക്ഷണത്തിലാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്രവത്തിന്റെ പരിശോധനാഫലം എത്തിയാല്‍ മാത്രമേ മങ്കി പോക്‌സ് ആണോ എന്ന കാര്യം ഉറപ്പിക്കാനാകൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്നും മെംഗ്ലൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
ഇന്‍ഡ്യയില്‍ ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ചത് കേരളത്തിലാണ്. വിദേശത്തു നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് ജൂലൈ 14നാണ് വാനര വസൂരി സ്ഥിരീകരിച്ചത്. രോഗിയുമായി കൂടുതല്‍ സമയം അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ മാത്രമാണ് രോഗം പകരുക. ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇയാളുമായി അടുത്തബന്ധം സ്ഥാപിച്ച 11 പേര്‍ സമ്പര്‍ക്ക പട്ടികയിലാണ്.
രോഗ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുകയും സ്വയം ക്വാറന്റൈനില്‍ നിന്ന് രോഗം മറ്റുള്ളവര്‍ക്ക് പകരുന്നത് ഒഴിവാക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗ വ്യാപന സാധ്യത കുറവാണെങ്കിലും കുട്ടികള്‍ക്ക് രോഗം ബാധിച്ചാല്‍ മാരകമായേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ചികന്‍ പോക്‌സ്, മീസെല്‍സ് പോലുള്ള മറ്റു രോഗങ്ങളാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
കടുത്ത തലവേദന, പനി, പുറംവേദന, ക്ഷീണം, നീര്‍വീഴ്ച, ലിംഫ് നോഡുകളില്‍ വീക്കം, ശരീരത്തിലും മുഖത്തും തടിപ്പുകള്‍ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, വന്യ മൃഗങ്ങള്‍, ചത്ത മൃഗങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കമുണ്ടാകാതെ സൂക്ഷിക്കുകയും വേണം.
Keywords: Man who came from abroad with symptoms of monkey pox is being treated at Pariyaram Medical College Hospital, Kannur, News, Trending, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.