മലപ്പുറം: (www.kvartha.com) ചത്ത പോത്തിനെ ഇറച്ചിയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാം അടച്ച് പൂട്ടാന്‍ പഞ്ചായത് അധികൃതര്‍ നോടീസ് നല്‍കി. തിരൂര്‍ തൃപ്രങ്ങോട് ആണ് സംഭവം.
ബലിപെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് ഹരിയാനയില്‍ നിന്ന് അനധികൃതമായി കൊണ്ടുവരികയും ചത്തവയെ ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ആലത്തിയൂര്‍ യലൂന ഫാം ആണ് പഞ്ചായത് അടച്ച് പൂട്ടാന്‍ ഉത്തരവിറക്കി നോടീസ് നല്‍കിയത്. ഇവരില്‍ നിന്ന് 20000 രൂപ പിഴ തുകയായും പഞ്ചായത് ഈടാക്കും.
26 പോത്തുകളില്‍ മൂന്ന് എണ്ണമാണ് ആദ്യം ചത്തതെന്നും ഇത് ലോറിയില്‍വച്ച് ഇറച്ചിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് ആദ്യം തടഞ്ഞതെന്നും പിന്നീടും നിരവധി പോത്തുകള്‍ ചത്തതായും നാട്ടുകാര്‍ ആരോപിച്ചു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചായത് പരിധിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനും പഞ്ചായത് തീരുമാനിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കന്നുകാലികളെ കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇവയെ കച്ചവടത്തിനായി ജില്ലയിലേക്ക് എത്തിച്ചതെന്നും സമാനമായ രീതിയില്‍ അനധീകൃതമായി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്ക് എതിരെയും നടപടി സ്വീകരിക്കുമെന്നും പഞ്ചായത് അധികൃതര്‍ പറഞ്ഞു.
നിലവില്‍ ഫാമുകളില്‍ ഉള്ള പല കന്നു കാലികളുടെയും ആരോഗ്യനില മോശമാണെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷണം ലഭിക്കാതെ കുത്തിനിറച്ചത് കൊണ്ട് വന്നത് മൂലമാണ് കന്നുകാലികള്‍ ചാകാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. ഇനിയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും കന്നുകാലി ചത്താല്‍ പോസ്റ്റുമോര്‍ടം നടത്തുമെന്ന് മൃഗഡോക്ടര്‍ അറിയിച്ചു.