തിരുവനന്തപുരം: (www.kvartha.com) കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പട്ടികയില്‍ 28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ധാരണയായി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്. പുതുക്കിയ പട്ടിക ഹൈകമാന്‍ഡിന് സമര്‍പിക്കും.
ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉള്‍പെടുത്തിയുള്ള പട്ടികയാണ് തയ്യാറാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ നേതൃത്വവും ഗ്രൂപുകളും നേരത്തെ ധാരണയിലെത്തിയിരുന്നു.
280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാറ്റം വരുത്തിയത്. ഈ മാസം 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചിന്തന്‍ ശിബിര്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി ഭാരവാഹിയോഗം ചൊവ്വാഴ്ച ചേരും.