തിരുവനന്തപുരം: (www.kvartha.com) സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത് ഉചിതവും സന്ദര്‍ഭോചിതവുമായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ചര്‍ചചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സെക്രടേറിയറ്റ് യോഗത്തിന് ശേഷം എ കെ ജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഎം എന്നു പറഞ്ഞ അദ്ദേഹം തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധമായെന്നും അറിയിച്ചു.
ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ സംഭവം ദൂരവ്യാപകമായി ചര്‍ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്നങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സജി ചെറിയാന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കില്‍ പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്ന നിലപാടല്ലേ പാര്‍ടി എടുക്കുകയുള്ളൂവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് സംസാരിച്ച കൂട്ടത്തില്‍ ചില തെറ്റുപറ്റിയിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞല്ലോ എന്നും കോടിയേരി ചോദിച്ചു.
Keywords: Kodiyeri on Saji Cheriyan's Resignation, Thiruvananthapuram, News, Politics, Minister, Resignation, Media, Kodiyeri Balakrishnan, Kerala.