കൊച്ചി: (www.kvartha.com) മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് പൊലീസ് ഓഫീസര്‍ സല്യൂട് നല്‍കി നില്‍ക്കുന്ന മനോഹരമായ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ദേശീയ പതാകയ്ക്ക് സല്യൂട് നല്‍കി ആദരിച്ച സിവില്‍ പൊലീസ് ഓഫിസര്‍ ടി കെ അമലിന് എറണാകുളം സിറ്റി പൊലീസിന്റെ അഭിനന്ദനവും പിന്നാലെയെത്തി. രാവിലെയാണ് ഡിസിപി പ്രത്യേക അഭിനന്ദനം അറിയിച്ചത്.
ദേശീയ പതാക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരം അറിഞ്ഞ് ഹില്‍പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ ടി കെ അമല്‍ സ്ഥലത്തെത്തി ജീപില്‍ നിന്ന് ഇറങ്ങി, ഉടന്‍ സല്യൂട് നല്‍കി ശ്രദ്ധാപൂര്‍വം മാലിന്യത്തില്‍നിന്ന് മടക്കി എടുക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മാലിന്യത്തില്‍ കിടന്ന ദേശീയ പതാകകള്‍ ഓരോന്നായി അദ്ദേഹം മടക്കി കയ്യിലെടുത്തു. ഈ സമയം അവിടെയുണ്ടായിരുന്ന ഒരു നാട്ടുകാരന്‍ വാര്‍ഡ് കൗന്‍സിലറോ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരോ വന്നിട്ട് എടുത്താല്‍ മതിയെന്ന് പറഞ്ഞെങ്കിലും വേറൊരാള്‍ വരുന്നത് വരെ ദേശീയ പതാക മാലിന്യത്തില്‍ ഇടുന്നത് ശരിയല്ലെന്ന് പറഞ്ഞ് അമല്‍ പതാകകള്‍ എല്ലാം ഭംഗിയായി മടക്കിയെടുത്ത് പൊലീസ് ജീപിലേക്ക് മാറ്റുകയായിരുന്നു.
ഇതിന് പിന്നാലെ മാധ്യമങ്ങളിലൂടെയും അല്ലാതെയും വാര്‍ത്തയറിഞ്ഞ് അമലിന് അഭിനന്ദന പ്രവാഹമാണ്. മേജര്‍ രവി ഉള്‍പെടെ പലരും രാവിലെ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു.
അതേ സമയം ഈ വിവരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ പൊലീസില്‍ അറിയിച്ചിട്ടും വൈകിയാണ് സ്ഥലത്തെത്തിയതെന്ന വിമര്‍ശനവും പ്രദേശവാസികള്‍ ഉയര്‍ത്തുന്നുണ്ട്. സംഭവത്തില്‍ പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിത്തമില്ലാതെ മാലിന്യത്തിനൊപ്പം ദേശീയ പതാക വഴിയില്‍ ഉപേക്ഷിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
ചൊവ്വാഴ്ച രാവിലെ ഇരുമ്പനത്തിന് സമീപം കടത്തുകടവ് നഗരസഭയുടെ ശ്മശാനത്തിന് അടുത്തുള്ള റോഡിലാണ് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാകയും കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും ചിഹ്നങ്ങളും ലൈഫ് ജാകറ്റുകളുമെല്ലാം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ദേശീയ പതാകകള്‍ ഉള്‍പെടെയുള്ളവ മാലിന്യത്തില്‍ കണ്ടതോടെ പ്രദേശവാസികളും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മാലിന്യക്കൂമ്പാരത്തില്‍ നിരവധി ദേശീയപതാകകളും കോസ്റ്റ് ഗാര്‍ഡിന്റെ പതാകകളും അലക്ഷ്യമായി കിടന്നിരുന്നു.
സംഭവത്തില്‍ ദേശീയ പതാകയെ അപമാനിച്ചതിന് ഹില്‍ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ ചുമതലപ്പെടുത്തിയവര്‍ മാലിന്യം പൊതുസ്ഥലത്ത് തള്ളിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മാലിന്യത്തില്‍ ദേശീയ പതാക നിക്ഷേപിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.