കൊച്ചി: (www.kvartha.com) കൊച്ചിയില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഹില്‍പാലസ് പൊലീസാണ് കേസെടുത്തത്. ഇരുമ്പനം കടത്തുകടവിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡിന്റെ പതാകയും കണ്ടെത്തിയത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ തള്ളിയ മാലിന്യത്തിനിടയിലാണ് ഇവ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സംഘം പതാക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോസ്റ്റ് ഗാര്‍ഡിന്റെ പതാകയും ലൈഫ് ജാകറ്റ്, റെയില്‍ കോട് തുടങ്ങിയവയും ഉപേക്ഷിക്കപ്പെട്ടവയിലുണ്ട്.
ഇവ നശിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയ ആരെങ്കിലും ഉപേക്ഷിച്ച് കടന്നുകളഞ്ഞതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ട് ലോഡ് വരുന്ന മാലിന്യം പൊതുസ്ഥലത്ത് തള്ളിയത് ആരാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.