കോഴിക്കോട്: (www.kvartha.com) നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയെന്ന പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. ആര്‍ടിഒയുടെ നിര്‍ദേശ പ്രകാരം ഫറൂക് ജോയിന്റ് ആര്‍ടിഒ ഉള്‍പെട്ട സംഘമാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്.
കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നാണ് മോടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പിഴയും നികുതിയും ഉള്‍പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോടോര്‍ വാഹന വകുപ്പ് അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക് ചുങ്കത്തെ വര്‍ക് ഷോപില്‍ നിന്നും പിടിച്ചെടുത്തത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇത്. പണം അടച്ചാല്‍ ബസ് വിട്ടുകൊടുക്കുമെന്ന് കംപനിയെ അറിയിച്ചതായി മോടോര്‍ വാഹനവകുപ്പ് അറിയിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയര്‍പോര്‍ടിലായതിനാല്‍ ഇതുവരെ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പുറത്തിറക്കിയപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് മോടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം.
Keywords: Kerala MVD seizes IndiGo's bus over tax evasion, Kozhikode, News, Seized, Complaint, Karipur, Kerala.