കണ്ണൂര്‍: (www.kvartha.com) ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ യുവതിയ്ക്ക് കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് ശരീരത്തില്‍ കയറിയതായി പരാതി. കണ്ണൂര്‍ എകെജി ആശുപത്രിക്കെതിരെയാണ് പരാതി.
തയ്യില്‍കുളം സ്വദേശി നന്ദനയ്ക്ക് ഡ്രിപ് നല്‍കാന്‍ കാനുല കയറ്റിയപ്പോള്‍ പ്ലാസ്റ്റിക് വരുന്ന ഭാഗത്തുനിന്ന് ഒടിഞ്ഞ് സൂചി കയ്യിലെ ഞരമ്പിനുള്ളില്‍ കുരുങ്ങിയെന്നാണ് പരാതി.
പിന്നീട് വലതു കയ്യിലും കാനുല ഇട്ടെന്നും സമാനമായ രീതിയില്‍ വലതു കയ്യിലും സൂചി ഒടിഞ്ഞു കയറിയെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സൂചി പുറത്തെടുക്കാന്‍ ഇരുകൈകളിലും ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
ശക്തമായ പനിയും ഛര്‍ദിയും മൂലമാണ് ഈ മാസം രണ്ടിനു കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനിടെയാണ് കാനുല ഇട്ടത്. എന്നാല്‍ ആറാം തീയതി മുതല്‍ അസഹനീയമായ വേദന തോന്നിയതോടെ ആശുപത്രി ജീവനക്കാരോട് പരാതി പറഞ്ഞു.
ഡോക്ടര്‍ അടക്കമുള്ളവര്‍ എത്തി പരിശോധിച്ചുവെങ്കിലും കാനുല പൂര്‍ണമായും നീക്കം ചെയ്തുവെന്നായിരുന്നു അവകാശപ്പെട്ടതെന്നും വേദന അസഹനീയമായതോടെയാണ് തുടര്‍ ചികിത്സ തേടിയതും ഇരുകൈകളിലും ശസ്ത്രക്രിയ നടത്തിയതെന്നും നന്ദന പറഞ്ഞു.