ന്യൂഡെല്‍ഹി: (www.kvartha.com) സാങ്കേതിക തകരാറിനെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചി വഴി തിരിച്ചുവിട്ടു. ശാര്‍ജയില്‍നിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പൈലറ്റ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്‍ഡിഗോയുടെ 6ഇ-1406 എന്ന വിമാനമാണ് തിരിച്ചുവിട്ടത്. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി കറാച്ചിയിലേക്ക് അധിക വിമാനം അയച്ചതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ സാങ്കേതിക തകരാര്‍മൂലം പാകിസ്താനില്‍ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണിത്.
ഈ മാസം ആദ്യം ഡെല്‍ഹിയില്‍നിന്ന് ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കറാച്ചിയില്‍ ഇറക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 138 യാത്രക്കാര്‍ പിന്നീട് ഇന്‍ഡ്യയില്‍നിന്ന് അയച്ച വിമാനത്തില്‍ ദുബൈയിലേക്ക് പോയി.