മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. അബൂദബിയില്‍ നിന്ന് എയര്‍ ഇന്‍ഡ്യ ഐ എക്സ് 716 വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് പൂക്കയില്‍ എന്നയാളില്‍ നിന്നും 44.93 ലക്ഷം രൂപ വിലമതിക്കുന്ന 871 ഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ കാര്‍ടന്‍ ബോക്‌സിനുള്ളിലാണ് നേര്‍ത്ത കാര്‍ഡ് ബോര്‍ഡ് ഷീറ്റില്‍ ഒട്ടിച്ച് സംയുക്ത രൂപത്തിലുള്ള സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഞ്ചുകനം കുറഞ്ഞ കാര്‍ഡ്ബോര്‍ഡ് ഷീറ്റുകളുടെ ആകെ ഭാരം 1318 ഗ്രാം ആയിരുന്നുവെന്നും അതില്‍ 871 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്നും 44,92,618/രൂപയാണ് സ്വര്‍ണത്തിന്റെ വിപണിമൂല്യമെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡെപ്യൂടി കമീഷനര്‍ സി വി ജയകാന്ത്, സൂപ്രണ്ടുമാരായ എന്‍ സി പ്രശാന്ത്, ബിന്ദു കെ, ഇന്‍സ്പെക്ടര്‍മാര്‍മാരായ നിവേദിത, ജിനേഷ്, ദീപക്, രാജീവ് എന്‍, രാംലാല്‍, ഓഫീസ് അസിസ്റ്റന്റ് ലിനീഷ് പി വി പ്രീഷ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്. വരും ദിവസങ്ങളിലും സ്വര്‍ണം കടത്തുന്നതിനെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.